ഓട്ടവ: കാനഡയുടെ പുതിയ അന്തർവാഹിനികൾ നിർമ്മിക്കാനുള്ള കരാറിനായി ജർമ്മനിയിലെ തൈസെൻക്രുപ്പ് മറൈൻ സിസ്റ്റംസിനെ (TKMS) തിരഞ്ഞെടുത്തതായി ഔദ്യോഗിക റിപ്പോർട്ടുകൾ. പ്രധാനമന്ത്രി മാർക്ക് കാർണി ഉടൻ പ്രഖ്യാപനം നടത്തുമെന്നും സൂചന. റോയൽ കനേഡിയൻ നേവിയുടെ CPSP (Canadian Patrol Submarine Project) പദ്ധതി പ്രകാരം 12 പുതിയ അന്തർവാഹിനികൾ നിർമ്മിക്കാനാണ് ഈ കരാർ. കാനഡയിലെ പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രഖ്യാപനം ഹാലിഫാക്സിൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തുർക്കിയിലേക്ക് യാത്ര തിരിക്കും.
ദക്ഷിണ കൊറിയയുടെ Hanwha Ocean ആയിരുന്നു ഈ കരാറിനായി TKMS-ന്റെ പ്രധാന എതിരാളി. എന്നാൽ നാറ്റോ (NATO) സഖ്യവുമായുള്ള മികച്ച യോജിപ്പും, ഇതിനകം നോർവെയുമായി ചേർന്ന് ജർമ്മനി നടപ്പിലാക്കുന്ന സംയുക്ത ഉത്പാദനവും കാനഡയെ ജർമ്മൻ പക്ഷത്തേക്ക് ആകർഷിക്കുകയായിരുന്നു.കരാർ അന്തിമമാക്കുന്നതിനായി കാനഡ സർക്കാർ TKMS-യുമായി വിശദമായ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. കരാറിന്റെ അന്തിമ നിബന്ധനകൾ വരും മാസങ്ങളിൽ തീരുമാനിക്കപ്പെടും.

കാനഡ നിലവിൽ ഉപയോഗിക്കുന്ന വിക്ടോറിയ ക്ലാസ് അന്തർവാഹിനികളുടെ സേവന കാലാവധി അവസാനിക്കുകയാണ്. അതിനാൽ പുതിയ അന്തർവാഹിനികൾ നിർമിക്കാനുള്ള തീരുമാനം.പ്രതിരോധ സഹകരണം, നാറ്റോ പങ്കാളിത്തം, വ്യവസായ സഹകരണം എന്നിവയെ ബാധിക്കുന്ന പ്രധാന കരാറായതിനാൽ അന്താരാഷ്ട്ര ശ്രദ്ധയും ഈ തീരുമാനത്തിന് ലഭിച്ചിട്ടുണ്ട്.
