ഓട്ടവ : മെറ്റ്കാഫിൽ നടന്ന ക്രൂരമായ കൊലപാതകക്കേസിലെ പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 75,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഓട്ടവ പൊലീസ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റോജർ ഡെൽ ലസ്ക് എന്ന 66 വയസ്സുള്ള വയോധികനെ കാറിലെത്തിയ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവദിവസം രാവിലെ 11 മണിയോടെ ലസ്ക് ട്രക്കിൽ യാത്ര ചെയ്യവേ സിൽവർ നിറത്തിലുള്ള കാർ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു. ഈ കാറിൽ നിന്ന് പുറത്തിറങ്ങിയ ഒരാൾ ലസ്കിനെ കുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലസ്കിനെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒക്ടോബർ 5-ന് അദ്ദേഹം മരണപ്പെട്ടു.

ലസ്കിന്റെ കൊലപാതകത്തിൽ രണ്ട് പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുന്ന പൊലീസ്, വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും അറിയിച്ചു.
