കാല്‍ഗറി: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് (Mark Carney) എതിരെ വധഭീഷണി മുഴക്കിയ കേസില്‍ യൂട്യൂബര്‍ ജാമി ഡാ കോസ്റ്റ (Jamie Da Costa – 31) കസ്റ്റഡിയില്‍ തുടരും. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ കാല്‍ഗറി റിമാന്‍ഡ് സെന്ററിലേക്ക് (Calgary Remand Centre) മാറ്റി. കാനഡ ക്രിമിനല്‍ കോഡ് സെക്ഷന്‍ 264.1(1)(a) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യൂട്യൂബ് ചാനല്‍ വഴിയാണ് ഡാ കോസ്റ്റ പ്രധാനമന്ത്രിക്കും കുടുംബത്തിനുമെതിരെ വധഭീഷണി ഉയര്‍ത്തിയത്. ജനങ്ങളോട് ഓട്ടവയിലേക്ക് യാത്ര തിരിക്കാനും പ്രധാനമന്ത്രിക്ക് എതിരെ അക്രമം നടത്താനും ആഹ്വാനം ചെയ്യുന്ന വീഡിയോ ഇപ്പോഴും ഇയാളുടെ യൂട്യൂബ് അക്കൗണ്ടില്‍ ലഭ്യമാണ്. ജൂലൈ 28-നാണ് ആര്‍.സി.എം.പി (RCMP) ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.

വധഭീഷണിക്ക് പുറമെ തട്ടിപ്പ്, ക്രിമിനല്‍ ഉപദ്രവം, പൊതുമുതല്‍ നശിപ്പിക്കല്‍ (Mischief) തുടങ്ങി നിരവധി മറ്റ് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പരാതിക്കാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാല്‍ പ്രത്യേക പ്രോസിക്യൂഷന്‍ വിഭാഗമാണ് കേസ് കൈകാര്യം ചെയ്യുന്നത്. വിഷയം കൂടുതല്‍ വാദത്തിനായി വരും വെള്ളിയാഴ്ചത്തേക്ക് മാറ്റി.
