ബാരി: കാനഡയില്‍ വാടകനിരക്ക് ക്രമാതീതമായി ഉയര്‍ന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് കുതിച്ച് ബാരി (Barrie). പ്രമുഖ റെന്റല്‍ പ്ലാറ്റ്ഫോമായ ‘സുംപര്‍’ (Zumper) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഒറ്റ മാസം കൊണ്ട് രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാടക ഉയര്‍ന്ന നഗരമായി ബാരി മാറി. 6.3 ശതമാനം വര്‍ധനയോടെ കാനഡയിലെ ഏറ്റവും ഉയര്‍ന്ന വാടകയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ ബാരി.
നിലവില്‍ ബാരിയില്‍ ഒരു ബെഡ്റൂം അപ്പാര്‍ട്ട്മെന്റിന്റെ ശരാശരി പ്രതിമാസ വാടക 1,870 ഡോളറും, രണ്ട് ബെഡ്റൂം യൂണിറ്റിന് 2,010 ഡോളറുമാണ്. വാടകനിരക്ക് കുത്തനെ ഉയര്‍ന്നുവെങ്കിലും, റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയുടെ കാര്യത്തില്‍ വലിയ വളര്‍ച്ചയാണ് നഗരം കൈവരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 7.5 ശതമാനം വളര്‍ച്ച ബാരി രേഖപ്പെടുത്തി.

രാജ്യത്തുടനീളം റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ ബാരിയെക്കൂടാതെ മണ്‍ട്രിയോള്‍ (Montreal) മാത്രമാണ് പോസിറ്റീവ് വളര്‍ച്ച പ്രകടമായത്. അതേസമയം, ഒരു ബെഡ്റൂം യൂണിറ്റിന് ശരാശരി 2,390 ഡോളര്‍ വാടകയുള്ള വന്‍കൂവറാണ് (Vancouver) കാനഡയില്‍ വാടകനിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നഗരം.
