ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിനെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയുമാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പെറ്റൽ ഗഹ്ലോത്ത് വ്യക്തമാക്കി. ഭീകരവാദം പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാണെന്നും അവർ ആരോപിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ പാക്കിസ്ഥാന് ദീർഘകാല പാരമ്പര്യമുണ്ട്. ഒസാമ ബിൻ ലാദന് ഒരു ദശാബ്ദത്തോളം അഭയം നൽകിയ രാജ്യമാണിതെന്നും പാക്ക് മന്ത്രിമാർ തന്നെ മുൻപ് ഭീകരവാദ ക്യാമ്പുകൾ നടത്തുന്ന കാര്യം സമ്മതിച്ചിട്ടുണ്ടെന്നും ഗഹ്ലോത്ത് ചൂണ്ടിക്കാട്ടി.

പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ‘ദി റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടനയെ കഴിഞ്ഞ ഏപ്രിലിൽ യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാൻ സംരക്ഷിച്ച കാര്യവും ഇന്ത്യ ഓർമ്മിപ്പിച്ചു. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ട ഭീകരരെ പാക്ക് സൈനിക-സിവിലിയൻ ഉദ്യോഗസ്ഥർ മഹത്വവത്കരിച്ചത് അവരുടെ താൽപ്പര്യങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കിയ പാക്ക് സൈന്യം, പിന്നീട് പോരാട്ടം അവസാനിപ്പിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണുണ്ടായതെന്നും ഗഹ്ലോത്ത് കൂട്ടിച്ചേർത്തു.
