Saturday, May 30, 2026

ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സ്: വിനേഷ് ഫോഗട്ടിന് നിരാശ, സെമിഫൈനലില്‍ തോറ്റു

ന്യൂഡല്‍ഹി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗുസ്തി ഗോദയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ നിരാശ. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ മീനാക്ഷിയോട് 6-4 എന്ന സ്‌കോറിനാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന വിനേഷിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. ആദ്യം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വിനേഷും മീനാക്ഷിയും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ മേധാവിത്വം നിലനിര്‍ത്തിയ മീനാക്ഷി വിജയം ഉറപ്പാക്കി ഫൈനലിലേക്ക് യോഗ്യത നേടി.

പാരിസ് ഒളിമ്പിക്‌സിലെ ഹൃദയഭേദകമായ അനുഭവത്തിന് ശേഷം വിനേഷ് പങ്കെടുക്കുന്ന ആദ്യ മത്സരമാണിത് എന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് കായികലോകം ഈ ട്രയല്‍സിനെ നോക്കിക്കണ്ടത്. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ മികച്ച പ്രകടനത്തോടെയാണ് വിനേഷ് തുടങ്ങിയത്. റൗണ്ട് ഓഫ് 16 മത്സരത്തില്‍ ജ്യോതിയെ 7-1 എന്ന സ്‌കോറിന് തകര്‍ത്ത് വിനേഷ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു. ഇടയ്ക്ക് റിവ്യൂ മോണിറ്ററിലെ തകരാര്‍ മൂലം മത്സരം 10 മിനിറ്റോളം തടസ്സപ്പെട്ടെങ്കിലും അത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചില്ല.

എന്നാല്‍, നിഷുവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കടുത്ത തര്‍ക്കങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 0-5 ന് പിന്നിലായിരുന്ന വിനേഷ് പിന്നീട് ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും പോയിന്റ് നല്‍കിയതിനെച്ചൊല്ലി റഫറിമാരുമായി വലിയ തര്‍ക്കമുണ്ടായി. വിനേഷ് നല്‍കിയ റിവ്യൂ ചലഞ്ച് അനുകൂലമായതോടെ താരം 6-5 ന് മുന്നിലെത്തി. ഇതിനിടെ ഒഫീഷ്യല്‍സിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വിനേഷിന്റെ ഭര്‍ത്താവ് സോംവീര്‍ രതി കോര്‍ട്ടിലേക്ക് അതിക്രമിച്ചു കയറിയത് സ്ഥിതി സങ്കീര്‍ണ്ണമാക്കി. ദൃശ്യങ്ങള്‍ പുനഃപരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതോടെ തര്‍ക്കം രൂക്ഷമാവുകയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (WFI) പ്രസിഡന്റ് സഞ്ജയ് സിംഗും സംഘവും വിനേഷിന്റെ ക്യാമ്പുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഈ നാടകീയതകള്‍ക്കിടയിലും നിയന്ത്രണം കൈവിടാതെ കളിച്ച വിനേഷ്, ഒടുവില്‍ 7-6 എന്ന സ്‌കോറിന് നിഷുവിനെ മറികടന്ന് സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ടെത്തിയ വിനേഷിന് സെമിയിലെ തോല്‍വി വലിയൊരു ആഘാതമായെങ്കിലും കായികപ്രേമികളുടെ ഹൃദയം കവര്‍ന്നാണ് താരം കളം വിട്ടത്. മത്സരശേഷം ഗോദ വിടുമ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ വിനേഷ് അവിടെയുണ്ടായിരുന്നവരുടെ കൈയടി നേടി. ‘ഞാന്‍ വീണ്ടും തിരിച്ചുവരും’ എന്ന ശക്തമായ സന്ദേശം നല്‍കിയാണ് വിനേഷ് ഫോഗട്ട് സ്റ്റേഡിയത്തില്‍ നിന്നും മടങ്ങിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!