മോസ്കോ: റഷ്യയിലെ കിഴക്കൻ ഉപദ്വീപായ കാംചാറ്റ്കയിൽ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മഞ്ഞുവീഴ്ച തുടരുന്നു. കഴിഞ്ഞ 146 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മഞ്ഞു വീണ് പല നഗരങ്ങളും പൂർണ്ണമായും മഞ്ഞിനടിയിലായ അവസ്ഥയിലാണ്. താപനില മൈനസ് 55 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതോടെ ജനജീവിതം പാടെ സ്തംഭിച്ചു.
അതിഭീകരമായ സാഹചര്യത്തെത്തുടർന്ന് പല പ്രദേശങ്ങളിലും ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളിൽ 1.5 മീറ്റർ ഉയരത്തിലാണ് മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ 40 അടി വരെ ഉയരത്തിൽ മഞ്ഞ് കുന്നുകൂടിയിട്ടുണ്ട്. കെട്ടിടങ്ങളുടെ രണ്ടാം നില വരെ മഞ്ഞ് കൊണ്ട് മൂടിയതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ്.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങളെല്ലാം ഓൺലൈൻ പ്രവർത്തനത്തിലേക്ക് മാറിയിരിക്കുകയാണ്. റോഡുകൾ മഞ്ഞിനടിയിൽ മറഞ്ഞതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇത് അവശ്യവസ്തുക്കളുടെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ “അതിഭീകര കാഴ്ച” എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
റഷ്യയിലെ ശൈത്യകാലം സാധാരണയായി നവംബർ അവസാനം മുതൽ മാർച്ച് ആദ്യം വരെയാണ്, രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുന്നു. റഷ്യ അതിന്റെ കഠിനമായ ശൈത്യകാലത്തിന് പേരുകേട്ടതാണ്, പ്രത്യേകിച്ച് സൈബീരിയയിലും വടക്കൻ പ്രദേശങ്ങളിലും, എന്നാൽ ഓരോ പ്രദേശത്തിനും അതിന്റേതായ സവിശേഷമായ ശൈത്യകാല അനുഭവമുണ്ട്.
