ഓട്ടവ: ലിസ്റ്റീരിയ അണുബാധയെ തുടർന്ന് വിവിധയിനം സാലഡുകൾ, ചീസ്, മീൽ കിറ്റുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA). ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, നോർത്ത് വെസ്റ്റ് ടെറിട്ടറി, സസ്കാച്വാൻ എന്നിവിടങ്ങളിൽ വിൽക്കുന്ന ‘കോ-ഓപ്പ്’ ബ്രാൻഡിന്റെ ക്രീമി ഗാർലിക് ആൻഡ് സ്പിനാച്ച് സാലഡാണ് പ്രധാനമായും പട്ടികയിലുള്ളത്. മാർച്ച് 24 മുതൽ ഏപ്രിൽ 4 വരെയുള്ള കാലാവധിയുള്ള ഈ സാലഡുകൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.

ഇതിനുപുറമെ രാജ്യവ്യാപകമായി വിൽക്കപ്പെടുന്ന നിരവധി ചീസ് ഉൽപ്പന്നങ്ങളും സുരക്ഷാ കാരണങ്ങളാൽ തിരിച്ചുവിളിച്ചിട്ടുണ്ട്. ‘ബോത്ത്‌വെൽ’ ബ്രാൻഡിന്റെ 400 ഗ്രാം, ഒരു കിലോ പാക്കറ്റുകളിൽ ലഭ്യമായ ഷ്രെഡഡ് ത്രീ-ചീസ് നാച്ചോ ബ്ലെൻഡ്, ‘ഗോൾഡ് സ്ട്രീം’ ചെഡാർ സ്റ്റൈൽ ഷ്രെഡഡ് പ്രോസസ്ഡ് ചീസ്, ‘പാരഡൈസ് ഐലൻഡ്’ ബ്രാൻഡിന്റെ അസിയാഗോ ഷ്രെഡഡ് ചീസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പ്രശസ്തമായ ‘ഹലോ ഫ്രഷ്’ മീൽ കിറ്റുകളിൽ ഉപയോഗിക്കുന്ന ചീസ് ചേരുവകൾക്കെതിരെയും മുൻപ് നൽകിയ മുന്നറിയിപ്പ് ഏജൻസി ഇപ്പോൾ വിപുലീകരിച്ചിട്ടുണ്ട്.
ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ലിസ്റ്റീരിയ ബാധ അതീവ അപകടകരമാണ്. വിട്ടുമാറാത്ത പനി, ഓക്കാനം, ഛർദ്ദി, പേശി വേദന, കഠിനമായ തലവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. നിലവിൽ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചത് മൂലം ആർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് നടപടി. ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ പൂർണ്ണരൂപം സി.എഫ്.ഐ.എ വെബ്‌സൈറ്റിൽ ലഭ്യമാണ്.
