Wednesday, April 15, 2026

യൂട്യൂബ് വിഡിയോ കണ്ട് സ്റ്റീൽ പാത്രത്തിൽ വച്ച് പടക്കംപൊട്ടിച്ചു; പതിനാറുകാരന് ദാരുണാന്ത്യം

കോഴിക്കോട്: വിഷുദിനത്തിൽ ക്ഷേത്രപറമ്പിൽ കൂട്ടുകാർക്കൊപ്പം സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ പതിനാറുകാരന് ദാരുണാന്ത്യം. കൊയിലാണ്ടി കൊരയങ്ങാട് തെരുവ് എടക്കോടൻ വീട്ടിൽ എ.കെ. അദ്വൈത് ആണ് മരിച്ചത്. ഇന്റർനെറ്റിലെ വിഡിയോയിൽ കണ്ടതുപോലെ കൂടുതൽ ശബ്ദം കിട്ടുന്നതിനായി ഗുണ്ട് പടക്കം സ്റ്റീൽ പാത്രം കൊണ്ടു മറച്ച് പൊട്ടിക്കുമ്പോഴായിരുന്നു അപക‌ടം. പാത്രം തകർന്ന് സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചാണ് അദ്വൈതിനു ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മറ്റൊരു കുട്ടിക്ക് നിസാര പരുക്കേറ്റു. ഈ കുട്ടിക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കൊയിലാണ്ടിയിലെ കൊരയങ്ങാട് ക്ഷേത്രപറമ്പിലായിരുന്നു അപക‌ടം.

സ്റ്റീൽ പാത്രത്തിന്റെ ഭാഗം അദ്വൈതിന്റെ ശരീരത്തിലെ കക്ഷത്തിന്റെ ഭാഗത്ത് രക്തധമനിയിൽ തറച്ചുകയറിയെന്ന്‌ ഡോക്‌‌‌ടർമാർ പറഞ്ഞു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്നുപോയതിനാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!