മിയാമി: രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കനേഡിയൻ പൗരനെ നികുതി കുടിശ്ശികയുടെ പേരിൽ നാടുകടത്തുന്നു. ഫ്ലോറിഡയിലെ അതീവ സുരക്ഷാ തടങ്കൽ പാളയമായ അലിഗേറ്റർ അൽകാട്രാസിൽ രണ്ടു മാസത്തോളം മൃഗതുല്യമായ സാഹചര്യത്തിൽ പാർപ്പിച്ച ശേഷമാണ് 61-കാരനായ ഡഗ്ലസ് ഡിക്സണെ അമേരിക്ക പുറത്താക്കുന്നത്. 2005-ൽ മൺട്രിയോളിൽ നിന്നും ഫ്ലോറിഡയിലേക്ക് കുടിയേറിയതാണ് ഡിക്സൺ. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അദ്ദേഹം നടത്തിയിരുന്ന ബിസിനസ് തകരുകയും ഏകദേശം 30,000 ഡോളറോളം നികുതി കുടിശ്ശികയാവുകയും ചെയ്തു. ഇതിൽ നല്ലൊരു ഭാഗം അദ്ദേഹം തിരിച്ചടച്ചിരുന്നു. എന്നാൽ, യു.എസ് നിയമപ്രകാരം 10,000 ഡോളറിൽ കൂടുതൽ സർക്കാർ ഫണ്ടിൽ കുടിശ്ശിക വരുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമായി പരിഗണിച്ചാണ് ഇദ്ദേഹത്തെ നാടുകടത്താൻ തീരുമാനിച്ചത്. ഫ്ലോറിഡ യിലെ എവർഗ്ലേഡ്‌സിൽ പുതുതായി തുറന്ന തടങ്കൽ പാളയത്തെ ‘കോൺസെൻട്രേഷൻ ക്യാമ്പ്’ എന്നാണ് ഡിക്സൺ വിശേഷിപ്പിച്ചത്. കൈവിലങ്ങും കാൽവിലങ്ങും അണിയിച്ചാണ് തടവുകാരെ പാർപ്പിക്കുന്നത്.

ശുചിമുറികളിൽ പോലും സ്വകാര്യതയില്ല.അസഹനീയമായ തണുപ്പും വലിയ ജനറേറ്ററുകളുടെ ബഹളവും കാരണം ഉറങ്ങാൻ പോലും കഴിയില്ല. മൃഗങ്ങളെപ്പോലെയാണ് തങ്ങളെ അവിടെ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വൃത്തിഹീനമായ സാഹചര്യം കാരണം തടങ്കലിൽ വെച്ച് അദ്ദേഹത്തിന് ഗുരുതരമായ അണുബാധയേറ്റതായും പരാതിയുണ്ട്. ബുധനാഴ്ച മിയാമി വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തെ ടൊറന്റോയിലേക്ക് അയക്കും. അമേരിക്കയിലേക്ക് തിരികെ വരുന്നതിന് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അമേരിക്കയിലുള്ള തന്റെ മക്കളെയും പേരക്കുട്ടികളെയും ഇനി കാണാൻ കഴിയില്ലെന്ന സങ്കടത്തിലാണ് ഈ മുത്തച്ഛൻ. 21 വർഷം ജീവിച്ച മണ്ണിൽ നിന്നും സ്വന്തം കുടുംബത്തോട് യാത്ര പറയാൻ പോലും അനുവദിക്കാതെയാണ് അദ്ദേഹത്തെ വിമാനം കയറ്റുന്നത്. മാനവികതയില്ലാത്ത ഇത്തരം നടപടികൾക്കെതിരെ അമേരിക്കയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ‘അലിഗേറ്റർ അൽകാട്രാസ്’ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു.
