Wednesday, April 15, 2026

വാക്ക് മാറ്റി ടൊറന്റോ സിറ്റി; ഫിഫ ഫാൻ ഫെസ്റ്റിന് ഇനി സൗജന്യ പ്രവേശനമില്ല, ടിക്കറ്റ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ വിവാദം

ടൊറന്റോ: ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ടൊറന്റോയിൽ സംഘടിപ്പിക്കുന്ന ഫാൻ ഫെസ്റ്റിവലിന് ടിക്കറ്റ് ഏർപ്പെടുത്താനുള്ള നഗരസഭയുടെ നീക്കം വിവാദത്തിലേക്ക്‌. പ്രവേശനം സൗജന്യമായിരിക്കുമെന്ന മുൻ വാഗ്ദാനമാണ് അധികൃതർ ലംഘിക്കുന്നത്. സുരക്ഷാ ചിലവുകൾ വർദ്ധിച്ചതാണ് ടിക്കറ്റ് ഏർപ്പെടുത്താൻ കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, സാധാരണക്കാർക്ക് ലോകകപ്പ് ആഘോഷങ്ങൾ അപ്രാപ്യമാക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. വരും ദിവസങ്ങളിൽ സിറ്റി കൗൺസിൽ ഈ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കും. 2026 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ടൊറന്റോയിലെ ഫോർട്ട് യോർക്കിൽ നടത്തുന്ന ഫാൻ ഫെസ്റ്റിവലിനാണ്‌ ടിക്കറ്റ് ഏർപ്പെടുത്തുന്നത്‌. സിറ്റി കൗൺസിലിന്റെ അംഗീകാരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നിരക്കിലായിരിക്കും പ്രവേശനം. ജനറൽ അഡ്മിഷൻ: 10 ഡോളർ, വി.ഐ.പി (ടയർ 1): 300 ഡോളർ, വി.ഐ.പി (മറ്റ് വിഭാഗങ്ങൾ): 100 – 150 ഡോളർ. ഫാൻ ഫെസ്റ്റിവലിലെ സുരക്ഷാ ക്രമീകരണങ്ങൾക്കും മറ്റ് സൗകര്യങ്ങൾക്കുമായി അധികമായി വേണ്ടിവരുന്ന 9 ദശലക്ഷം ഡോളർ കണ്ടെത്താനാണ് ടിക്കറ്റ് ഏർപ്പെടുത്തുന്നത്. ടിക്കറ്റ് വിൽപനയിലൂടെ ഏകദേശം 6.2 ദശലക്ഷം ഡോളർ സമാഹരിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

സൗജന്യ പ്രവേശനം നൽകിയാൽ നിയന്ത്രിക്കാൻ കഴിയാത്തത്ര ജനക്കൂട്ടം എത്താൻ സാധ്യതയുണ്ടെന്നും ടിക്കറ്റ് ഏർപ്പെടുത്തുന്നത് തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നും ടൊറന്റോ മേയർ ഒലിവിയ ചൗ വ്യക്തമാക്കി. നഗരസഭയുടെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. സ്റ്റേഡിയത്തിൽ നേരിട്ട് കളി കാണാൻ സാധിക്കാത്ത സാധാരണക്കാർക്ക് ലോകകപ്പ് ആവേശം അനുഭവിക്കാനുള്ള ഏക അവസരമായിരുന്നു ഈ ഫാൻ ഫെസ്റ്റിവലെന്ന് കൗൺസിലർ ബ്രാൻഡ് ബ്രാഡ്‌ഫോർഡ് പറഞ്ഞു. ഒരു സാധാരണ കുടുംബത്തിന് 50 ഡോളറോളം ചിലവാക്കി മാത്രമേ ഇനി ഇവിടെ പ്രവേശിക്കാൻ കഴിയൂ എന്നത് ടൂർണമെന്റിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കുമെന്നും അദ്ദേഹം വിമർശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!