Wednesday, April 15, 2026

വിപണികള്‍ കയറ്റില്‍; ക്രൂഡ് ഓയില്‍ ഇടിയുന്നു, സ്വര്‍ണം കുതിക്കുന്നു

ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളെത്തുടര്‍ന്ന് ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണി മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന ശുഭപ്രതീക്ഷയെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് താഴേക്ക് പോയി. ഇത് പണപ്പെരുപ്പത്തെക്കുറിച്ചും ഊര്‍ജ്ജ വിതരണത്തിലുണ്ടാകാനിടയുള്ള തടസ്സങ്ങളെക്കുറിച്ചുമുള്ള ആശങ്കകള്‍ കുറയ്ക്കാന്‍ സഹായിച്ചു.

യുഎസ്, ഏഷ്യന്‍ വിപണികള്‍ ഇന്നലെ കുതിച്ചു കയറിയിരുന്നു. ഇന്ന് ഏഷ്യന്‍ വിപണികള്‍ ഉയരുകയാണ്. ക്രൂഡ് ഓയില്‍ വില 90 ഡോളറിനടുത്തേക്കു താഴ്ന്നിട്ടുണ്ട്. ഡോളര്‍ നിരക്കും താഴോട്ടാണ്. സ്വര്‍ണം കുതിച്ചു കയറുന്നു. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 24,209.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,236 വരെ കയറി. നിഫ്റ്റി ഇന്നു 350 ലധികം പോയിന്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ചത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് (Gap-up start) ദൃശ്യമായത്. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവുമാണ് ഈ കുതിപ്പിന് കരുത്തായത്. നിഫ്റ്റി 50: 1.35% വര്‍ദ്ധനവോടെ 24,163.80 എന്ന നിലവാരത്തില്‍ വ്യാപാരം ആരംഭിച്ചു.സെന്‍സെക്‌സ് 1.48% നേട്ടത്തോടെ 77,981.10 എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. നേരത്തെ ഗിഫ്റ്റ് നിഫ്റ്റി നല്‍കിയ സൂചനകള്‍ ശരിവെച്ചുകൊണ്ടുള്ള ഒരു പോസിറ്റീവ് തുടക്കമാണ് ഇന്ന് ദലാല്‍ സ്ട്രീറ്റില്‍ ഉണ്ടായത്.

സ്വര്‍ണം കുതിക്കുന്നു

വെടിനിര്‍ത്തലിനെ പറ്റി ആശയും ആശങ്കയും മാറിമാറി വന്ന തിങ്കളാഴ്ച സ്വര്‍ണവിപണി നേരിയ താഴ്ചയില്‍ ക്ലോസ് ചെയ്തു. ഔണ്‍സിന് 7.30 ഡോളര്‍ കുറഞ്ഞ് 4741.90 ഡോളറില്‍ അവസാനിച്ചു. ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു എന്ന സൂചനയില്‍ ചൊവ്വാഴ്ച ഡോളര്‍ താഴുകയും സ്വര്‍ണം കുതിക്കുകയും ചെയ്തു. ഔണ്‍സിനു 100 ഡോളര്‍ വര്‍ധിച്ച് 4841.90 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4826- 4872 മേഖലയില്‍ ചാഞ്ചാടിയിട്ടു 4850 ഡോളറിനടുത്തു നില്‍ക്കുന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍വില തിങ്കളാഴ്ച 280 രൂപ കുറഞ്ഞിട്ടു ചൊവ്വാഴ്ച 1080 രൂപ കയറി കയറി 1,12,880 രൂപയായി. വെള്ളി തിങ്കളാഴ്ച ഔണ്‍സിന് 75.70 ലും ഇന്നലെ 79.61 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ 80.85 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 2126 ഡോളര്‍, പല്ലാഡിയം 1578 ഡോളര്‍, റോഡിയം 9600 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

താഴ്ന്ന രൂപ കയറും

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ തിങ്കളാഴ്ചയും ദുര്‍ബലമായി. ഡോളര്‍ 65 പൈസ കയറി 93.38 രൂപയില്‍ ക്ലോസ് ചെയ്തു. രൂപയ്‌ക്കെതിരായ ഷോര്‍ട്ട് പൊസിഷനുകള്‍ അവസാനിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് ഉത്തരവ് നടപ്പായി. എന്നാല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ കടന്നത് രൂപയെപ്പറ്റി വിപണിയില്‍ വീണ്ടും ആശങ്ക കൂട്ടിയതാണു കാരണം. ക്രൂഡ് ഓയില്‍ വില പിന്നീട് താഴ്ന്നു 90 ഡോളറിനടുത്തായി. ഇത് ഇന്നു രൂപയെ അല്പം തിരിച്ചുകയറ്റാം.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ കഴിഞ്ഞ ദിവസം 94.51 രൂപ വരെ ഉയര്‍ന്നു. എങ്കിലും ഇന്നു രാവിലെ 93.06 രൂപ വരെ താഴ്ന്നിട്ട് 93.12 രൂപയിലേക്കു കയറി. ചൈനീസ് യുവാന്‍ 13.66 രൂപയിലേക്കും യൂറോ 109.81 രൂപയിലേക്കും ഉയര്‍ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!