ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുഎസ് പടക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍ എത്തിയേക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഈയുടെ സൈനിക ഉപദേഷ്ടാവ് മുഹ്‌സിന്‍ റിസാഈ വ്യക്തമാക്കി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക നിയമവിരുദ്ധമായി പട്രോളിംഗും ഉപരോധവും തുടരുന്നതിനെ റിസാഈ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കന്‍ കപ്പലുകള്‍ ഇറാന്റെ മിസൈലുകള്‍ക്ക് മുന്നില്‍ നിസ്സാരമാണെന്നും ആദ്യ പ്രഹരത്തില്‍ തന്നെ അവ തകര്‍ക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് മാത്രമല്ല, ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കവും തടയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. മുന്‍ ഐആര്‍ജിസി കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന മുഹ്‌സിന്‍ റിസാഈയെ ഈ അടുത്ത കാലത്താണ് സൈനിക ഉപദേഷ്ടാവായി നിയമിച്ചത്. മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്നത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും വലിയ രീതിയില്‍ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
