വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക ഇളവുകള്‍ അമേരിക്ക അവസാനിപ്പിക്കുന്നു. ആഗോളതലത്തില്‍ ഉപരോധങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം. മാര്‍ച്ച് 11-ന് മുമ്പ് കടലിലുണ്ടായിരുന്ന എണ്ണ എത്തിക്കുന്നതിനായി നല്‍കിയിരുന്ന ജനറല്‍ ലൈസന്‍സ് കാലാവധി ഇനി നീട്ടിനല്‍കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഔദ്യോഗികമായി അറിയിച്ചു.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ‘സെക്കന്‍ഡറി ഉപരോധം’ ഏര്‍പ്പെടുത്തുമെന്നും വാഷിംഗ്ടണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെ സാമ്പത്തികമായി തളര്‍ത്താന്‍ ‘ഇക്കണോമിക് ഫ്യൂറി’ (Economic Fury) എന്ന പേരില്‍ ശക്തമായ സാമ്പത്തിക യുദ്ധത്തിനാണ് അമേരിക്ക തുടക്കമിട്ടിരിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ പുതിയ കര്‍ശന നിലപാട് ഇന്ത്യയുള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയേക്കാം. അതേസമയം, ഒമാനില്‍ വെച്ച് അമേരിക്കയും ഇറാനും തമ്മില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനമുണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആഗോള വിപണി.
