ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കാനഡയിലെ 7-ഇലവൻ (7-Eleven) ബ്രാൻഡ് സാൻഡ്‌വിച്ചുകൾ, സബ്ബ്സ്, റാപ്പുകൾ എന്നിവ കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) തിരിച്ചുവിളിച്ചു. അൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, സസ്‌കാച്ചെവൻ എന്നീ പ്രവിശ്യകളിലാണ് ഈ ഉൽപ്പന്നങ്ങൾ പ്രധാനമായും വിതരണം ചെയ്തിരിക്കുന്നത്.
സ്പൈസി ബഫല്ലോ ചിക്കൻ റാപ്പുകൾ, ജാപ്പനീസ് സ്റ്റൈൽ എഗ്ഗ് സാലഡ് സാൻഡ്‌വിച്ചുകൾ, ചിക്കൻ സീസർ റാപ്പുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക ബാച്ചുകളെയാണ് ഈ ബാധിച്ചിരിക്കുന്നത്. ഈ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ‘ബെസ്റ്റ് ബിഫോർ’ തീയതികളുള്ള ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നത്. ഇവയുടെ പൂർണ്ണരൂപം CFIA വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഭക്ഷണം കേടായതായി പുറമെ പ്രകടമല്ലെങ്കിലും ലിസ്റ്റീരിയ ബാക്ടീരിയ ശരീരത്തിലെത്തിയാൽ ഛർദ്ദി, മനംപുരട്ടൽ, വിട്ടുമാറാത്ത പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. നിലവിൽ ആർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിപണിയിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണെന്നും അധികൃതർ അറിയിച്ചു.
