വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രികൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. എന്നാല്‍ ചര്‍ച്ചകള്‍ ഒരു കരാറിലെത്തിക്കാന്‍ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ടേണിങ് പോയിന്റ് യു എസ് എ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അവിശ്വാസം അത്രമേല്‍ ആഴത്തിലുള്ളതാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമാബാദില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തില്‍, രണ്ടാംഘട്ട ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക നീക്കം. ജനീവയിലോ ഇസ്ലാമാബാദിലോ വെച്ചാകും അടുത്തവട്ട ചര്‍ച്ചകള്‍ നടക്കുക.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം പൂര്‍ണ്ണമാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ഒരു കപ്പല്‍ പോലും കടലിടുക്ക് കടന്നില്ലെന്നും ആറ് വാണിജ്യ കപ്പലുകള്‍ തിരിച്ചുപോയെന്നും അമേരിക്ക വ്യക്തമാക്കി. പതിനായിരം സൈനികരെയും 12 യുദ്ധക്കപ്പലുകളെയുമാണ് അമേരിക്ക ഇവിടെ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ നടപടി അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് ചൈന രൂക്ഷമായി വിമര്‍ശിച്ചു.
