Sunday, April 19, 2026

യുഎസ് -ഇറാൻ ചർച്ച: പാകിസ്ഥാനിൽ വൻ സുരക്ഷാസന്നാഹം

ഇസ്ലാമാബാദ്: ഇറാനും യുഎസും പരസ്പരം പോർവിളികൾ ഉയർത്തുന്നത് തുടരുന്നതിനിടെ രണ്ടാംഘട്ട സമാധാന ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് പാക്കിസ്ഥാൻ. ഏത് നിമിഷവും ചർച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കനത്ത സുരക്ഷാക്രമീുകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

റാവൽപിണ്ടിയിൽ അതീവജാഗ്രത പാലിക്കുകയും പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളത്തിലാകും അമേരിക്കൻ ഇറാൻ പ്രതിനിധിസംഘം ഇറങ്ങുക. ഇവിടെ നിന്നാണ് ഇവർ ഇസ്ലാമാബാദിലേക്ക് പോകുക. ഈ സാഹചര്യത്തിലാണ് റാവൽപിണ്ടിയിൽ സുരക്ഷ ഉയർത്തിയിരിക്കുന്നത്. പ്രധാന റോഡുകളടക്കം തടഞ്ഞുകൊണ്ടാണ് സുരക്ഷാവിന്യാസം. ഏപ്രിൽ 18ന് അർദ്ധരാത്രി മുതൽ സുരക്ഷാവിന്യാസം ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം രണ്ടാംഘട്ട ചർച്ചയുടെ തീയതിയും വേദിയും സംബന്ധിച്ച് ഇറാനും യുഎസും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ചർച്ചയ്ക്കായി പാകിസ്ഥാൻ സൈനിക മേധാവി മുന്നോട്ട് വെച്ച നിർദേശങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ രണ്ടാംഘട്ട ചർച്ച ഇസ്ലാമാബാദിൽ തന്നെ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു. എന്നാൽ ഹോർമുസുമായി ബന്ധപ്പെട്ടുള്ള തർക്കം തുടരുന്ന പശ്ചാത്തലത്തിൽ ചർച്ച വഴിമുട്ടിനിൽക്കുകയാണ്. ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് ഹോർമുസ് ഇറാൻ വീണ്ടും അടച്ചിട്ടിരിക്കുകയാണ്.

എന്നാൽ ഈ സാഹചര്യങ്ങളിലും രണ്ടാംഘട്ട ചർച്ച നടക്കുമെന്ന ഉറച്ച പ്രതീക്ഷയിൽതന്നെയാണ് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനുള്ളത്. യുഎസിൽനിന്നും ഇറാനിൽ നിന്നുമുള്ള സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ള മുന്നൊരുക്ക സംഘം ഇസ്ലാമാബാദിൽ ഞായറാഴ്ച എത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!