ടൊറന്റോ: കാനഡയിലെ വാഹന ഉടമകൾക്ക് ആശ്വാസമായി ഇന്ധനവില കുറയുന്നു. ഞായറാഴ്ച വില ഏഴ് സെന്റ് കുറഞ്ഞ്, പ്രാദേശിക ജിടിഎ സ്റ്റേഷനുകളിൽ ലിറ്ററിന് ശരാശരി 174.9 സെന്റിൽ എത്തുമെന്ന് എൻ-പ്രോ സിറ്റി ന്യൂസിനോട് പറഞ്ഞു.വരും ദിവസങ്ങളിലും വിലയിൽ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ധനങ്ങൾക്ക് മേലുള്ള 10 സെന്റ് ഫെഡറൽ എക്സൈസ് ടാക്സ് തിങ്കളാഴ്ച മുതൽ താൽക്കാലികമായി നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ പമ്പുകളിലെ വില ലിറ്ററിന് 164.9 സെന്റ് വരെയായി കുറയും.ഇറാൻ-ഇസ്രായേൽ-യുഎസ് യുദ്ധ സംഘർഷം മൂലം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയെ തുടർന്നാണ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചത്. ഈ ഇളവ് സെപ്റ്റംബർ വരെ തുടരും.

കഴിഞ്ഞ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 9.1 ശതമാനം ഇടിവുണ്ടായി ബാരലിന് 90.38 ഡോളറിലെത്തി. ഇത് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചു. വേനൽക്കാല ഇന്ധന മിശ്രിതത്തിലേക്കുള്ള മാറ്റം കാരണം ശനിയാഴ്ച എട്ട് സെന്റ് വർധിച്ചിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇപ്പോൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്. നേരത്തെ ഏപ്രിൽ 10-ന് വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് 13 സെന്റ് കുറഞ്ഞിരുന്നു.
