വൻകൂവർ:ബ്രിട്ടിഷ് കൊളംബിയയുടെ വടക്കുകിഴക്കൻ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായതിനെത്തുടർന്ന് ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ചരിത്രപ്രസിദ്ധമായ ഓൾഡ് ഫോർട്ട് സ്ലൈഡിന്റെ മേഖലയിലുള്ളവരോട് ഫോർട്ട് സെന്റ് ജോൺ നഗരത്തിലെ പോമറോയ് സ്പോർട്സ് സെന്ററിലേക്ക് മാറാനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ഫോർട്ട് സെന്റ് ജോണിന് അഞ്ച് കിലോമീറ്റർ തെക്ക് മാറിയുള്ള ഓൾഡ് ഫോർട്ട് പ്രദേശത്ത് മണ്ണിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയാണ് പീസ് റിവർ റീജിയനൽ ഡിസ്ട്രിക്റ്റ് ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രദേശത്തേക്കുള്ള റോഡ് അധികൃതർ നേരത്തെ അടച്ചിരുന്നെങ്കിലും ആളുകൾക്ക് ഒഴിഞ്ഞുപോകാൻ സൗകര്യത്തിനായി രണ്ട് മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി തുറന്നുകൊടുത്തു. എന്നാൽ ഒരിക്കൽ കൂടി റോഡ് അടച്ചുകഴിഞ്ഞാൽ അത് വീണ്ടും തുറക്കില്ലെന്നും ഉത്തരവ് ലംഘിച്ച് പ്രദേശത്ത് തുടരുന്നവർക്ക് അടിയന്തര സേവനങ്ങളോ മറ്റ് സഹായങ്ങളോ ലഭ്യമാകില്ലെന്നും ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി. 2018-ലും സമാനമായ രീതിയിൽ ഇവിടെ മണ്ണിടിച്ചിലുണ്ടാവുകയും ഏക ഗതാഗത മാർഗ്ഗമായ റോഡ് തകരുകയും ചെയ്തതിനെത്തുടർന്ന് നൂറ്റമ്പതോളം താമസക്കാരെ ഒഴിപ്പിക്കേണ്ടി വന്നിരുന്നു.
നിലവിൽ ജിയോ ടെക്നിക്കൽ ടീമുകൾ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുതുക്കിയ അറിയിപ്പുകൾ നൽകുമെന്ന് പീസ് റിവർ റീജിയനൽ ഡിസ്ട്രിക്റ്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
