Tuesday, April 21, 2026

മെന്റൽ ഹെൽത്ത് ആക്ട് പരിഷ്കരണം: പ്രീമിയറുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് വിമർശനം

വൻകൂവർ : വൻകൂവറിലെ ലപു-ലപു ഡേ സ്ട്രീറ്റ് ഫെസ്റ്റിവലിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി നൽകിയ വാഗ്ദാനം ഒരു വർഷം പിന്നിടുമ്പോഴും നടപ്പായില്ല. പ്രവിശ്യയിലെ മാനസികാരോഗ്യ നിയമം (Mental Health Act) പുനഃപരിശോധിക്കുമെന്നായിരുന്നു പ്രീമിയറുടെ പ്രഖ്യാപനം. എന്നാൽ, ഈ അവലോകനത്തിന്റെ പരിധിയോ സമയപരിധിയോ വ്യക്തമാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ നിർബന്ധിതമായി ചികിത്സയ്ക്ക് വിധേയമാക്കുന്നത് ഉൾപ്പെടെയുള്ള നിയമത്തിലെ വ്യവസ്ഥകൾ ആധുനികവൽക്കരിക്കണമെന്ന ആവശ്യം ശക്തമാണ്.

1964-ൽ നിലവിൽ വന്ന നിയമത്തിലെ പല വ്യവസ്ഥകളും കാലഹരണപ്പെട്ടതാണെന്ന് ‘ഹെൽത്ത് ജസ്റ്റിസ്’ പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ചികിത്സയ്ക്ക് ശേഷമുള്ള ആഘാതം കുറയ്ക്കുന്നതിനും സ്വതന്ത്രമായ ഒരു പുനഃപരിശോധന ആവശ്യമാണെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. നിർബന്ധിത ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ സമ്മതപത്രം വാങ്ങുന്നതിൽ ഉൾപ്പെടെ വലിയ വീഴ്ചകൾ സംഭവിക്കുന്നതായി മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. കാനഡയിലെ മറ്റ് പ്രവിശ്യകളിലേതിന് സമാനമായി രോഗികളുടെ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന രീതിയിൽ നിയമം പരിഷ്കരിക്കണമെന്നാണ് ആവശ്യം.

മാനസികാരോഗ്യ നിയമത്തിനെതിരെയുള്ള കോടതി നടപടികൾ (Charter challenge) പൂർത്തിയാകാത്തതാണ് പുനഃപരിശോധന വൈകാൻ കാരണമായി ബി.സി ആരോഗ്യ മന്ത്രാലയം നൽകുന്ന വിശദീകരണം. എന്നാൽ, നിയമത്തിൽ ഇതിനോടകം തന്നെ ചില ഭേദഗതികൾ സർക്കാർ വരുത്തിയിട്ടുണ്ടെന്നും സമഗ്രമായ അവലോകനം വൈകിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കൺസർവേറ്റീവ് പാർട്ടി വിമർശിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ലപു-ലപു ഡേ ആക്രമണക്കേസിലെ പ്രതിക്ക് മുൻപും മാനസികാരോഗ്യ ചികിത്സാ ചരിത്രമുണ്ടായിരുന്നു എന്നത് നിയമപരിഷ്കരണത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!