വാഷിങ്ടണ്‍: ഇറാനുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നാളെ അവസാനിക്കാനിരിക്കെ, അത് നീട്ടാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് ധൃതിയില്ലെന്നും, കൂടുതല്‍ ചര്‍ച്ചകള്‍ വൈകാതെ തന്നെ പാക്കിസ്ഥാനില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിലവിലെ ഉപരോധം ഇറാനെ സാമ്പത്തികമായി തകര്‍ക്കുകയാണെന്നും പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് അവര്‍ക്കുണ്ടാകുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ഉപരോധത്തിനിടെ 27 കപ്പലുകള്‍ തിരികെ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് തന്നെ അയച്ചതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സമാധാന ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ തുടരുകയാണ്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി.

എന്നാല്‍, അമേരിക്കയുടെ ഭീഷണികള്‍ക്ക് വഴങ്ങി ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്ക ലക്ഷ്യമിടുന്നത് ഒരു കീഴടങ്ങല്‍ വേദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുടെ പ്രകോപനപരമായ നടപടികളും വെടിനിര്‍ത്തല്‍ ലംഘനങ്ങളുമാണ് ചര്‍ച്ചകള്‍ക്ക് തടസ്സമെന്നാണ് ഇറാന്റെ പക്ഷം. എങ്കിലും, ഇറാനെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്‍.
