പാലക്കാട്: നെന്മാറ മണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂമിനോട് ചേര്‍ന്നുള്ള മെറ്റീരിയല്‍ റൂം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ജില്ലാ വരണാധികാരിയായ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി പിന്മാറി. വോട്ടെടുപ്പ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനുള്ള നീക്കം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ (CEO) പ്രത്യേക നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ ഇനി റൂം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് കലക്ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ വെബ്‌സൈറ്റില്‍ രണ്ട് ബൂത്തുകളിലെ പോളിങ് ശതമാനത്തില്‍ വന്ന പൊരുത്തക്കേട് പരിഹരിക്കുന്നതിനായാണ് റൂം തുറക്കാന്‍ അധികൃതര്‍ ആലോചിച്ചത്. വെബ്‌സൈറ്റില്‍ 100 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി കാണിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ ‘ഫോം 17 എ’ പരിശോധിക്കാനായിരുന്നു നീക്കം. എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ ഈ രേഖകളുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ മറന്നുപോയതാണ് മെറ്റീരിയല്‍ റൂം തുറക്കേണ്ട സാഹചര്യമുണ്ടാക്കിയത്.

റൂം തുറക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ. തങ്കപ്പന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വോട്ടെണ്ണലിന് മുന്‍പ് റൂം തുറക്കുന്നത് വോട്ടിങ് യന്ത്രങ്ങളില്‍ തിരുമറി നടത്താനാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നടപടി തടഞ്ഞത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് അനാവശ്യമായ ആശങ്കകള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വഴിതെളിച്ചതെന്ന വിമര്‍ശനം ശക്തമാണ്.
