ഓട്ടവ: കാനഡയില്‍ താല്‍ക്കാലിക വീസയില്‍ കഴിയുന്നവര്‍ക്ക് സ്ഥിരതാമസത്തിന് (Permanent Residence) അവസരമൊരുക്കുന്ന പുതിയ ‘TR to PR’ പാതയില്‍ നിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളെ ഒഴിവാക്കി. ടൊറന്റോ, വന്‍കൂവര്‍, മണ്‍ട്രിയോള്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഈ പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി ലിന ദിയാബ് വ്യക്തമാക്കി.
സെന്‍സസ് മെട്രോപൊളിറ്റന്‍ ഏരിയകള്‍ (CMA) എന്ന് വര്‍ഗ്ഗീകരിച്ചിട്ടുള്ള വലിയ നഗരപ്രദേശങ്ങളെ ഈ പ്രോഗ്രാമില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കുറഞ്ഞത് ഒരു ലക്ഷം ജനസംഖ്യയുള്ള നഗര കേന്ദ്രങ്ങളെയാണ് സി.എം.എ (CMA) എന്ന് വിളിക്കുന്നത്. രാജ്യത്തെ 84 ശതമാനം ജനങ്ങളും താമസിക്കുന്ന 41 നഗരപ്രദേശങ്ങള്‍ ഈ പട്ടികയില്‍ വരും. ടൊറന്റോയ്ക്കും വാന്‍കൂവറിനും പുറമെ കാല്‍ഗറി, എഡ്മന്റണ്‍, ഹാലിഫാക്‌സ്, വിന്നിപെഗ് തുടങ്ങിയ പ്രധാന നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നഗരപ്രദേശങ്ങള്‍ക്ക് പകരം ഗ്രാമീണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2026-ലും 2027-ലുമായി 33,000 താല്‍ക്കാലിക തൊഴിലാളികള്‍ക്ക് സ്ഥിരതാമസം നല്‍കുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരും ആഴ്ചകളില്‍ മാത്രമേ പുറത്തിറങ്ങുകയുള്ളൂ. നേരത്തെ 2021-ല്‍ സമാനമായ പദ്ധതി നടപ്പിലാക്കിയപ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ അപേക്ഷകള്‍ പൂര്‍ണ്ണമായിരുന്നു. എന്നാല്‍ ഇത്തവണ വലിയ നഗരങ്ങളെ ഒഴിവാക്കിയത് ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
