ടൊറന്റോ: ഓൺലൈൻ വഴി സാധനങ്ങൾ വിൽക്കുന്നവരെ ലക്ഷ്യമിട്ട് കാനഡയിൽ തട്ടിപ്പ് വർദ്ധിക്കുന്നു. ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്സിലൂടെ സ്മാർട്ട്ഫോൺ വിൽക്കാൻ ശ്രമിച്ച യുവതിക്കാണ് 900 ഡോളർ നഷ്ടമായത്.
തന്റെ സ്മാർട്ട്ഫോൺ വിൽക്കാൻ പരസ്യം നൽകിയ യുവതിയെ ഏപ്രിൽ 5-ന് ഒരാൾ ബന്ധപ്പെടുകയും ഫോൺ വാങ്ങാനായി അവരുടെ താമസസ്ഥലത്ത് എത്തുകയും ചെയ്തു. 100 ഡോളറിന്റെ എട്ട് നോട്ടുകളും 50 ഡോളറിന്റെ രണ്ട് നോട്ടുകളുമാണ് അയാൾ നൽകിയത്. നോട്ടുകൾ വാങ്ങി ഫോൺ കൈമാറിയ യുവതി പിന്നീട് ഈ പണം ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

എടിഎം മെഷീൻ നോട്ടുകൾ നിരസിച്ചതിനെ തുടർന്ന് യുവതി ബാങ്ക് ഉദ്യോഗസ്ഥരെ സമീപിച്ചു. നോട്ടുകളുടെ നിറവ്യത്യാസം, ഇളകിപ്പോകുന്ന മാഗ്നറ്റിക് സ്ട്രിപ്പ്, ഒരേ സീരിയൽ നമ്പറുകൾ എന്നിവ പരിശോധിച്ച ബാങ്ക് അധികൃതർ അവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ വ്യാജനോട്ട് ഇടപാടുകൾ വൻതോതിൽ വർദ്ധിക്കുന്നതായി ടൊറന്റോ പോലീസ് മുന്നറിയിപ്പ് നൽകുന്നു. 2025-ൽ 94,000 ഡോളറിന്റെ വ്യാജനോട്ടുകളാണ് പിടിച്ചെടുത്തതെങ്കിൽ, 2026-ൽ ഇതുവരെ മാത്രം 133,000 ഡോളറിന്റെ വ്യാജ കറൻസികൾ പോലീസ് കണ്ടെടുത്തു.
പണം കൈപ്പറ്റുമ്പോൾ നോട്ടുകൾ കൃത്യമായി പരിശോധിക്കണമെന്നും സംശയകരമായ സാഹചര്യങ്ങളിൽ ബാങ്ക് ഓഫ് കാനഡ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് അറിയിച്ചു.
