നാസ: ബഹിരാകാശത്തിന്റെ അഗാധമായ ഇരുട്ടിൽ നീലപ്രകാശം ചൊരിഞ്ഞ് മിന്നിത്തിളങ്ങുന്ന ഭൂമിയുടെ അപൂർവ ദൃശ്യങ്ങൾ പുറത്ത്. നാസയുടെ ആർട്ടെമിസ് II (Artemis II). ദൗത്യത്തിന്റെ ഭാഗമായ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കോച്ചാണ് ഈ വിസ്മയ വീഡിയോ പകർത്തിയത്.
ഭൂമിയിൽ നിന്ന് ഏകദേശം 54,500 കിലോമീറ്റർ അകലെ വെച്ചാണ് ഓറിയോൺ ബഹിരാകാശ പേടകത്തിനുള്ളിൽ നിന്ന് ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത്. ദൗത്യത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു ഈ ചിത്രീകരണം. സൂര്യപ്രകാശം ഭൂമിയിൽ തട്ടി പ്രതിഫലിച്ച് ബഹിരാകാശത്ത് വ്യാപിക്കുന്ന ‘എർത്ത് ഷൈൻ’ എന്ന പ്രതിഭാസമാണ് ഭൂമിയെ ഇത്ര മനോഹരമായി ദൃശ്യമാക്കിയത്.

50 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യർ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
നമ്മുടെ ഗ്രഹത്തിന്റെ സൗന്ദര്യവും ബഹിരാകാശത്തെ അതിന്റെ നിസ്സാരതയും ഒരേപോലെ ഓർമ്മിപ്പിക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണുമ്പോൾ സഞ്ചാരികൾക്ക് അനുഭവപ്പെടുന്ന ‘ഓവർവ്യൂ എഫക്ട്’ ഈ ദൃശ്യങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തുന്നു.
