വാഷിങ്ടണ്‍: ഇസ്രയേല്‍-ലെബനോണ് രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന് വാഷിങ്ടണ്ണില്‍ നടക്കും. നിലവില്‍ പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് ലെബനോണ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരോക്ഷ ചര്‍ച്ചകള്‍ക്ക് ഹിസ്ബുല്ലയും സന്നദ്ധത പ്രകടിപ്പിച്ചേക്കുമെന്ന് വിവരമുണ്ട്.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇറാന് തള്ളി. ഇറാന് നേതാക്കള്‍ ഏകീകൃതമായ നിര്‍ദ്ദേശങ്ങളുമായി വരുന്നത് വരെ വെടിനിര്‍ത്തല്‍ തുടരാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കിയെങ്കിലും, അമേരിക്കയുടെ നാവിക ഉപരോധവും വാഗ്ദാനലംഘനങ്ങളും ചര്‍ച്ചകള്‍ക്ക് തടസ്സമാണെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് വ്യക്തമാക്കി.

ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് (IRGC) പുറത്തുവിട്ടു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന ലൈബീരിയന്‍ പതാകയുള്ള ‘എപാമിനോണ്ടസ്’ (Epaminondas) എന്ന കണ്ടെയ്നര്‍ കപ്പലടക്കം രണ്ട് കപ്പലുകളാണ് ഇറാന്റെ കസ്റ്റഡിയിലുള്ളത്. ആവശ്യമായ അനുമതികളില്ലാതെയും നാവിക ഗതാഗത നിയമങ്ങള്‍ ലംഘിച്ചും സഞ്ചരിച്ചതിനാലാണ് കപ്പലുകള്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം. ഇറാന്റെ ഈ നടപടി ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളെയും ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
