വാഷിംഗ്ടൺ: ഇന്ത്യയെയും ചൈനയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വിവാദ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പങ്കുവെച്ച് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രംപ്. അമേരിക്കയിലെ ജന്മാവകാശ പൗരത്വത്തെ (Birthright Citizenship) വിമർശിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ മൈക്കൽ സാവേജ് നടത്തിയ സംഭാഷണത്തിന്റെ ലിങ്കാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഇന്ത്യയെയും ചൈനയെയും മറ്റ് രാജ്യങ്ങളെയും “നരകക്കുടങ്ങൾ” (Hellholes) എന്നാണ് സാവേജ് വിശേഷിപ്പിച്ചത്. പ്രസവത്തിനായി മാത്രം ആളുകൾ വിദേശരാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരികയാണെന്നും ഇതുവഴി കുട്ടിക്ക് തൽക്ഷണം പൗരത്വം ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വാദിക്കുന്നു. അമേരിക്കൻ ഭരണഘടന കാലഹരണപ്പെട്ടതാണെന്നും ഇന്റർനെറ്റും വിമാനയാത്രയും നിലവിലില്ലാത്ത കാലത്ത് എഴുതപ്പെട്ട നിയമങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിന് ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ പൗരത്വം നേടുന്നവർ പിന്നീട് തങ്ങളുടെ കുടുംബത്തെ മുഴുവൻ ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ ഇവിടേക്ക് എത്തിക്കുന്നു. ഇത്തരത്തിൽ വരുന്ന കുടിയേറ്റക്കാർക്ക് അമേരിക്കയോട് വിശ്വസ്തതയില്ലെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വം നൽകുന്ന കാര്യത്തിൽ കോടതികളോ അഭിഭാഷകരോ അല്ല തീരുമാനമെടുക്കേണ്ടത് എന്നും പകരം പൊതുജനങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തണമെന്നും സാവേജ് ആവശ്യപ്പെട്ടു.
