കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പത്തിന ക്ഷേമപദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള സുപ്രധാന വാഗ്ദാനങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചത്.
സ്ത്രീകൾക്ക് പ്രതിവർഷം 36,000 രൂപ നേരിട്ട് അക്കൗണ്ടിലെത്തിക്കും. പെൺകുട്ടികളുടെ ബിരുദ പഠനത്തിന് (Degree) 50,000 രൂപ ധനസഹായം നൽകും. ഗർഭിണികൾക്ക് 21,000 രൂപയും കുട്ടികളുടെ പോഷകാഹാരത്തിനായി 36,000 രൂപയും അധികമായി നൽകും. ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. പോലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കും. സ്വയം തൊഴിലിനായി മുദ്ര പദ്ധതി വഴി 20 ലക്ഷം രൂപ വരെ വായ്പ നൽകും. ആവാസ് യോജന പ്രകാരമുള്ള വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യും.

ബിജെപി അധികാരത്തിലെത്തിയാൽ ഉടൻ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കും. തൃണമൂൽ കോൺഗ്രസ് ഭരണത്തിലെ അഴിമതിക്കും അതിക്രമങ്ങൾക്കും അറുതി വരുത്തുമെന്നും അഴിമതിക്കാരെ ജയിലിലടയ്ക്കുമെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കി. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങൾ.
