Sunday, July 26, 2026

ഭിന്നശേഷിക്കാര്‍ക്കായി വാട്ടര്‍ വീല്‍ചെയറുകള്‍ അവതരിപ്പിച്ച് സൂ സെ മാരി

സൂ സെ മാരി: പബ്ലിക് സ്പ്ലാഷ് പാഡുകളിലും ബീച്ചുകളിലും എത്തുന്ന കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പുതിയ ‘വാട്ടര്‍ വീല്‍ചെയറുകള്‍’ അവതരിപ്പിച്ച് സൂ സെ മാരി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജലാശയങ്ങളും വിനോദ കേന്ദ്രങ്ങളും തടസ്സങ്ങളില്ലാതെ ആസ്വദിക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ ഈ പുതിയ പദ്ധതി.

പോയിന്റ് ഡെസ് ചെനെസ് ബീച്ചില്‍ (Pointe Des Chenes Beach) മുതിര്‍ന്നവര്‍ക്കായി ഒരു ബീച്ച് വീല്‍ചെയറും, ബെല്ലെവ്യൂ പാര്‍ക്ക് (Bellevue Park), മാന്‍സോ പാര്‍ക്ക് (Manzo Park) എന്നിവിടങ്ങളിലെ സ്പ്ലാഷ് പാഡുകളില്‍ കുട്ടികള്‍ക്കായി മൂന്ന് വാട്ടര്‍ വീല്‍ചെയറുകളുമാണ് സൂ സെ മാരി നഗരസഭ സജ്ജമാക്കിയിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകളുള്ള കുട്ടികളുടെ സാധാരണ വീല്‍ചെയറുകള്‍ നനയാന്‍ പാടില്ലാത്തതിനാലും പവര്‍ സാങ്കേതികവിദ്യ ഉള്ളതിനാലും ജലാശയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സിറ്റിയുടെ ആക്‌സസിബിലിറ്റി കോഓര്‍ഡിനേറ്റര്‍ ഡയാന്‍ മൊറെല്‍ ചൂണ്ടിക്കാട്ടി. പുതിയ വാട്ടര്‍ വീല്‍ചെയറുകളില്‍ പെട്ടെന്ന് ഉണങ്ങുന്ന മെഷ് സീറ്റുകളും ക്രമീകരിക്കാവുന്ന ബാക്ക്റെസ്റ്റുകളും ഉള്ളതിനാല്‍ കുട്ടികള്‍ക്ക് വെള്ളത്തിലേക്ക് നേരിട്ട് ഇറങ്ങാന്‍ സാധിക്കും.

മുതിര്‍ന്നവര്‍ക്കുള്ള ബീച്ച് വീല്‍ചെയര്‍ ഉപയോഗിച്ച് തടാകത്തിലെ വെള്ളത്തിലേക്ക് നേരിട്ട് ഇറങ്ങാന്‍ സാധിക്കുമെന്നത് വലിയൊരു മാറ്റമാണെന്ന് ഡയാന്‍ മൊറെല്‍ കൂട്ടിച്ചേര്‍ത്തു. വാട്ടര്‍ വീല്‍ചെയറുകള്‍ക്ക് പുറമെ, ബീച്ചുകളില്‍ മെച്ചപ്പെട്ട പാര്‍ക്കിങ് സൗകര്യവും പാര്‍ക്കുകളില്‍ പുതിയ ചെയ്ഞ്ച് ടേബിളുകളും നഗരസഭ ഒരുക്കിയിട്ടുണ്ട്.

ഈ ഉപകരണങ്ങള്‍ തികച്ചും സൗജന്യമായാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ‘ആദ്യം വരുന്നവര്‍ക്ക് ആദ്യം’ എന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും ഇവ ലഭ്യമാവുക. നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇത് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സ്വയം ഓടിക്കാന്‍ കഴിയാത്ത തരത്തിലുള്ള വീല്‍ചെയറുകളായതിനാല്‍ സഹായികളുടെ സേവനം ആവശ്യമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!