Friday, April 24, 2026

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി; ഉടനടി നടപ്പിൽ വരുത്തണം

മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന് (PPBL) അനുവദിച്ചിരുന്ന ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ റദ്ദാക്കി. തുടർച്ചയായ നിയമലംഘനങ്ങളും മേൽനോട്ടത്തിലുള്ള വീഴ്ചകളുമാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ആർബിഐയെ നയിച്ചത്. ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ സെക്ഷൻ 22 പ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആർബിഐ നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വലിയ വീഴ്ചകൾ കണ്ടെത്തി. ആയിരക്കണക്കിന് അക്കൗണ്ടുകൾ ഒരേ പാൻ കാർഡ് ഉപയോഗിച്ച് തുടങ്ങിയതായും കൃത്യമായ രേഖകളില്ലാതെ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ബാങ്കിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പുറത്തുള്ള ഓഡിറ്റർമാർ കണ്ടെത്തിയ പിഴവുകൾ തിരുത്തുന്നതിൽ മാനേജ്‌മെന്റ് പരാജയപ്പെട്ടതും ലൈസൻസ് റദ്ദാക്കാൻ കാരണമായി. അതേ സമയം നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടു കളിലോ വാലറ്റുകളിലോ ഉള്ള പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ തടസ്സമുണ്ടാകില്ല. എന്നാൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ക്രെഡിറ്റ് ട്രാൻസാക്ഷനുകൾ നടത്താനോ ബാങ്കിന് അനുവാദമില്ല. പേടിഎം ആപ്പ് വഴിയുള്ള യുപിഐ (UPI) സേവനങ്ങളെ ഈ നടപടി നേരിട്ട് ബാധിക്കില്ല. പേടിഎം മറ്റ് ബാങ്കുകളുമായി സഹകരിച്ച് യുപിഐ സേവനങ്ങൾ തുടരും. ബാങ്കിംഗ് മേഖലയുടെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആർബിഐ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!