Wednesday, April 29, 2026

കനത്ത മഴ; ബെംഗളൂരുവിൽ ആശുപത്രി മതിലിടിഞ്ഞ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു

ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായെത്തിയ രണ്ട്‌ മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരുക്കേറ്റു. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് സംഭവം. എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ആകെ 56 പേരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. രാവിലെ വിമാനമാർഗം ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിനിറങ്ങിയ സമയത്താണ് കനത്ത മഴയും കാറ്റുമുണ്ടായത്. ഇതിനിടെ ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറി. ഇതിനിടെയാണ് മതിലിടിഞ്ഞ് വീണത്. അപകടത്തിൽ മലയാളികളായ മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു. ഇവരും വിനോദയാത്രാ സംഘത്തിലെ അംഗങ്ങളാണ്.

അപകടത്തിൽ ഏഴുപേർ മരിച്ചെന്നും ഏഴുപേർക്ക് പരിക്കേറ്റെന്നുമാണ് ശിവാജിനഗർ എംഎൽഎ റിസ്‌വാൻ അർഷാദ് മാധ്യമങ്ങളോട് പറഞ്ഞത്. വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ച വൈകിട്ട് മുതൽ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്തമഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരുമണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു. എം.ജി. റോഡിലും റെസിഡൻസി റോഡിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായി. ഗോത്തിഗെരെ, അഞ്ജനാപുര തുടങ്ങിയ മേഖലകളിൽ മഴ കുറവായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!