കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഖത്തർ-ഇന്ത്യ വിമാന സർവീസുകൾ നാളെ (വെള്ളിയാഴ്ച) മുതൽ പുനരാരംഭിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് സർവീസുകൾ തുടങ്ങുന്നത്. ഇതോടെ രണ്ടുമാസമായി നാട്ടിലെത്താൻ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20-ന് പുറപ്പെടും. നേരത്തെ 10,000 – 12,000 രൂപ നിരക്കിൽ ടിക്കറ്റെടുത്തവർക്ക് അതേ ടിക്കറ്റിൽ തന്നെ യാത്ര ചെയ്യാം. സർവീസുകൾ മുടങ്ങിയ സമയത്ത് ഖത്തർ എയർവേയ്‌സ് ലക്ഷത്തിനടുത്ത് രൂപയാണ് ഈടാക്കിയിരുന്നത്.

സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ കമ്പനികൾ വെബ് ചെക്ക്-ഇൻ അനുവദിക്കുന്നത്. ഇതോടെ ഇത്തവണ സർവീസ് മുടങ്ങില്ലെന്ന ഉറപ്പിലാണ് യാത്രക്കാർ. ഫെബ്രുവരി 28-നാണ് ഖത്തറിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചത്. ഏപ്രിൽ 21 മുതൽ ഫ്‌ലൈ ദുബായ് ഉൾപ്പെടെയുള്ള വിദേശ വിമാനങ്ങൾ സർവീസ് തുടങ്ങിയിരുന്നെങ്കിലും ഇന്ത്യൻ വിമാനങ്ങൾക്കായി പ്രവാസികൾ കാത്തിരിക്കുകയായിരുന്നു.
അഞ്ച് തവണ വരെ ടിക്കറ്റുകൾ റീ-ഷെഡ്യൂൾ ചെയ്യപ്പെട്ട യാത്രക്കാർക്ക് ആറാം തവണ ലഭിച്ച ടിക്കറ്റിലൂടെ നാട്ടിലെത്താം എന്ന പ്രതീക്ഷയിലാണ് ദോഹയിലുള്ള പ്രവാസികൾ. കൊച്ചിയിലേക്ക് ടിക്കറ്റെടുത്ത ചിലരെ കോഴിക്കോട്ടേക്കുള്ള വിമാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
