Sunday, June 21, 2026

മണ്‍ട്രിയോള്‍ ആശുപത്രിയില്‍ വന്‍ കവര്‍ച്ച: ലക്ഷങ്ങള്‍ വിലവരുന്ന വൈദ്യോപകരണങ്ങള്‍ കവര്‍ന്നു

മണ്‍ട്രിയോള്‍: മണ്‍ട്രിയോളിലെ സാക്രെ കോയര്‍ (Sacre Coeur) ഹോസ്പിറ്റലില്‍ നിന്ന് ഏകദേശം 40,000 ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയി. ആശുപത്രിയിലെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറിയാണ് മോഷ്ടാവ് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മേയ് രണ്ടിന് രാവിലെ 9:45 ഓടെ ഒരു സ്ത്രീ പ്രാദേശിക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. അന്നുതന്നെ പുലര്‍ച്ചെയാണ് ആശുപത്രിയില്‍ മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത, ഭാഗികമായി നിയന്ത്രിക്കപ്പെട്ട സെമി-റെസ്ട്രിക്റ്റഡ് മേഖലയിലേക്ക് ഒരു പുരുഷന്‍ അതിക്രമിച്ചു കയറുകയും അവിടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള നിരവധി മെഡിക്കല്‍ ഉപകരണങ്ങളുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് വക്താവ് ജൊഹാനി ചാര്‍ലാന്‍ഡ് വ്യക്തമാക്കി.

മോഷണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പരാതി നല്‍കിയ സ്ത്രീക്ക് ആശുപത്രിയുമായോ മോഷണം പോയ ഉപകരണങ്ങളുമായോ ഉള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും അവിടെയുണ്ടായിരുന്ന ജീവനക്കാരുടെയും മറ്റ് ദൃക്സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, കേസ് നിലവില്‍ പോലീസ് അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍, സുരക്ഷാ വീഴ്ചയെക്കുറിച്ചോ മോഷണം പോയ ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങളെക്കുറിച്ചോ കൂടുതല്‍ പ്രതികരിക്കാന്‍ ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്ന പ്രാദേശിക ആരോഗ്യ അതോറിറ്റിയായ ‘സാന്തേ ക്യൂബെക്ക് നോര്‍ഡ്-ഡി-ലില്-ഡി-മണ്‍ട്രിയോല്‍ – യൂണിവേഴ്‌സിറ്റെയര്‍’ വിസമ്മതിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!