Friday, May 1, 2026

വോട്ടർ പട്ടിക ചോർച്ച: ആൽബർട്ടയിൽ നിയമപരിഷ്കാരത്തിനൊരുങ്ങി ഡാനിയേൽ സ്മിത്ത്

എ‍ഡ്മിന്റൻ: ആൽബർട്ടയിലെ മൂന്ന് മില്യൺ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്. അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് പരി​ഗണിക്കുമെന്ന് പ്രീമിയർ വ്യക്തമാക്കി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും ഈ സുരക്ഷാ വീഴ്ചയ്ക്ക് കാരണക്കാരായവർ നിയമനടപടി നേരിടേണ്ടി വരുമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. വോട്ടർമാരുടെ വിവരങ്ങൾ അതീവ സുരക്ഷിതമായിരിക്കേണ്ടത് ജനാധിപത്യ പ്രക്രിയയിൽ നിർണായകമാണെന്നും സർക്കാർ ഇതിന് മുൻഗണന നൽകുമെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.

‘സെഞ്ചൂറിയൻ പ്രോജക്റ്റ്’ എന്ന വിഘടനവാദി ഗ്രൂപ്പിന് വോട്ടർമാരുടെ പേരുകളും വിലാസങ്ങളും അടങ്ങിയ ഡാറ്റാബേസ് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് ആൽബർട്ട ഇലക്ഷൻ ഉദ്യോഗസ്ഥരും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും സംയുക്തമായി അന്വേഷണം നടത്തുകയാണ്. ഈ വിവരങ്ങൾ ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയതിനെത്തുടർന്ന് ഇലക്ഷൻസ് ആൽബർട്ട കോടതിയെ സമീപിച്ച് നിരോധന ഉത്തരവ് വാങ്ങിയിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തു. നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാത്രം കൈമാറേണ്ട വിവരങ്ങളാണ് ഇത്തരത്തിൽ പുറത്തായത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, രാഷ്ട്രീയ പാർട്ടികളെക്കൂടി പ്രൈവസി നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരണമെന്ന് ആൽബർട്ടയിലെ സ്വകാര്യതാ സംരക്ഷണ ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവരങ്ങൾ ചോർന്നത് പൗരന്മാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും രാഷ്ട്രീയ പാർട്ടികൾക്ക് മേൽ കർശനമായ മേൽനോട്ടം ആവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ഭാവിയിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണങ്ങളുമായി മുന്നോട്ട് പോകാനാണ് സ്മിത്ത് സർക്കാരിന്റെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!