സ്വീറ്റ് വാട്ടർ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തുടർച്ചയായി ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ച ആൽബിച്ചൻ മുരിങ്ങയിൽ എന്ന ആൽബിൻ മാത്യുവിനെ അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലയിലെ ഇടപ്പാടി സ്വദേശിയായ ഇദ്ദേഹത്തെ ഫെബ്രുവരി 25-നാണ് വയോമിംഗിലെ സ്വീറ്റ്വാട്ടർ കൗണ്ടിയിൽ വെച്ച് ഐ.സി.ഇ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കാനഡയിൽ നിന്ന് നാടുകടത്തപ്പെട്ടതിനെ തുടർന്ന് അമേരിക്കയിൽ എത്തിയ ഇദ്ദേഹം അവിടെ ഒളിവിൽ കഴിഞ്ഞുകൊണ്ട് വിദ്വേഷ പ്രചാരണം തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക മാധ്യമമായ ‘സ്വീറ്റ്വാട്ടർ നൗ’ ആണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

ആൽബിച്ചനെതിരെ കേരളത്തിൽ നിരവധി കേസുകൾ നിലവിലുണ്ടെങ്കിലും വിദേശത്തായിരുന്നതിനാൽ നിയമനടപടികൾ തടസ്സപ്പെട്ടിരുന്നു. നിലവിൽ സ്വീറ്റ്വാട്ടർ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ ഐ.സി.ഇ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. പൗരത്വ രേഖകളിലെ അപാകതകളാണ് നിലവിലെ അറസ്റ്റിന് കാരണമെങ്കിലും, ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതോടെ നിലവിലുള്ള കേസുകളിൽ കേരള പൊലീസിനും നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കും.
