ടോക്കിയോ: വടക്കൻ ജപ്പാനിലെ വനമേഖലയിൽ 11 ദിവസമായി പടർന്നുപിടിച്ച കാട്ടുതീ ഒടുവിൽ നിയന്ത്രണവിധേയമാക്കി. മുപ്പത് വർഷത്തിനിടയിൽ ജപ്പാൻ സാക്ഷ്യം വഹിക്കുന്ന രണ്ടാമത്തെ വലിയ കാട്ടുതീയാണിത്. ശനിയാഴ്ചയോടെ തീ പൂർണ്ണമായും അണച്ചതായി ഒട്സുച്ചി ടൗൺ മേയർ കൊസോ ഹിരാനോ അറിയിച്ചു.
ഇവാട്ടെ പ്രവിശ്യയിലെ പർവതനിരകളിൽ ഏകദേശം 1,600 ഹെക്ടറോളം വനം കത്തിയമർന്നു. ഇത് ന്യൂയോർക്കിലെ സെൻട്രൽ പാർക്കിന്റെ അഞ്ചിരട്ടി വലിപ്പത്തിന് തുല്യമാണ്. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും ആയിരത്തിലധികം സൈനികരും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. കനത്ത മഴ പെയ്തതും തീ അണയ്ക്കാൻ സഹായകമായി. എട്ടോളം കെട്ടിടങ്ങൾ നശിക്കുകയും രണ്ടുപേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു.

ശക്തമായ വരണ്ട ശൈത്യകാലാവസ്ഥയാണ് തീ ഇത്ര വേഗത്തിൽ പടരാൻ കാരണമായതെന്ന് അധികൃതർ വിലയിരുത്തുന്നു. 1975-ന് ശേഷം ജപ്പാനിലുണ്ടായ ഏറ്റവും വലിയ കാട്ടുതീ കഴിഞ്ഞ വർഷം ഇവാട്ടെയിലും കുഷിറോയിലുമായിരുന്നു (യഥാക്രമം 2,600, 2,700 ഹെക്ടർ).
തീ നിയന്ത്രണവിധേയമായെങ്കിലും പുകയുന്ന തീക്കനലുകൾ വീണ്ടും പടരാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ അധികൃതർ കനത്ത ജാഗ്രത തുടരും.
