കോട്ടയം: കാസയുടെ (CASA) പാലാ ഏരിയ സമ്മേളനം മുണ്ടത്താനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ഷോൺ ജോർജാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കാസ കോട്ടയം ജില്ലാ സെക്രട്ടറി അലക്സ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. മാണി ജോസ് സ്വാഗതം ആശംസിച്ചു. പാലാ നിയമസഭാ മണ്ഡലത്തിൽ തന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച കാസ പ്രവർത്തകർക്ക് ഉദ്ഘാടന പ്രസംഗത്തിൽ ഷോൺ ജോർജ് നന്ദി അറിയിച്ചു.
കേരളത്തിലെ നിലവിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ഭരണസംവിധാനങ്ങളിൽ പൊതുജനം നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ചും സമ്മേളനത്തിൽ വിശദമായ ചർച്ചകൾ നടന്നു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഷോൺ ജോർജ് വിദേശ ധനസഹായ നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ-യുടെ (FCRA) യഥാർത്ഥ വശങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രവർത്തകർക്ക് വിശദീകരിച്ചു നൽകി.

സമ്മേളനത്തിൽ കാസ കോട്ടയം ജില്ലാ ഉപാധ്യക്ഷൻ ജോജിമോൻ ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോർജ് ജോസഫ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. പാലാ ഏരിയയിലെ നിരവധി കാസ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.
