വൻകൂവർ: കാനഡയിൽ വ്യാപകമാകുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രഭ്‌ജോത് സിങ് എന്ന 20 വയസ്സുകാരനെ രാജ്യത്തുനിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. സറേ പൊലീസ് സർവീസ് (SPS) ആണ് ഇക്കാര്യം അറിയിച്ചത്. 2026-ന്റെ തുടക്കത്തിൽ ഇയാൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സറേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വിവരങ്ങൾ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) കൈമാറുകയും ചെയ്തു. ഇമിഗ്രേഷൻ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഈ വിദേശ പൗരനെ കാനഡയിൽ നിന്നും പുറത്താക്കിയത്.
നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണങ്ങൾക്ക് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് പ്രഭ്‌ജോത് സിങിന്റെ ചിത്രം പൊലീസ് ഇപ്പോൾ പൊതുജനങ്ങൾക്കായി പുറത്തുവിട്ടിരിക്കുന്നത്. ഇയാൾ കാനഡയിൽ ഉണ്ടായിരുന്നപ്പോൾ നടത്തിയ ഇടപാടുകളെക്കുറിച്ചും കൂടെയുണ്ടായിരുന്ന സഹായികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അക്രമാസക്തമായ പണം തട്ടലുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വലിയ ക്രിമിനൽ ശൃംഖലകളെയും അവയുടെ പ്രവർത്തനരീതിയെയും കുറിച്ച് നിർണ്ണായക വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

പ്രഭ്‌ജോത് സിങിനെക്കുറിച്ചോ ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചോ എന്തെങ്കിലും അറിവുള്ളവർ സറേ പൊലീസിനെയോ (604-599-0502), എക്‌സ്‌റ്റോർഷൻ ടിപ്പ് ലൈനെയോ (236-485-5149) ബന്ധപ്പെടേണ്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രൈം സ്റ്റോപ്പേഴ്സ് (1-800-222-8477) വഴിയും വിവരം കൈമാറാം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാൻ സഹായിക്കുന്ന കൃത്യമായ വിവരങ്ങൾ നൽകുന്നവർക്കായി സറേ എക്‌സ്‌റ്റോർഷൻ റിവാർഡ് ഫണ്ടിൽ നിന്നും 2,50,000 ഡോളർ പ്രതിഫലം നൽകുമെന്നും അധികൃതർ അറിയിച്ചു.
