തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്റെ കുതിപ്പ്. നിലവിലെ സൂചനകള്‍ പ്രകാരം എണ്‍പതിലധികം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ എല്‍ഡിഎഫ് 47 ഇടങ്ങളിലും എന്‍ഡിഎ നാല് മണ്ഡലങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് എന്‍ഡിഎ ആദ്യഘട്ടത്തില്‍ ലീഡ് ഉയര്‍ത്തിയത്.
പ്രമുഖ നേതാക്കളുടെ പോരാട്ടത്തില്‍ ധര്‍മടത്ത് പിണറായി വിജയനും പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്നേറുകയാണ്. എന്നാല്‍ സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് മന്ത്രിമാരായ പി രാജീവ്, ആര് ബിന്ദു, വീണ ജോര്‍ജ്, എം ബി രാജേഷ്, കെ ബി ഗണേഷ്കുമാര്, റോഷി അഗസ്റ്റിന് എന്നിവര്‍ പിന്നിലാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറും തൃത്താലയില്‍ വി ടി ബല്‍റാമും മുന്നേറ്റം തുടരുന്നു. തൃക്കാക്കരയില്‍ ഉമ തോമസും അങ്കമാലിയില്‍ റോജി എം ജോണും ലീഡ് നിലനിര്‍ത്തുന്നുണ്ട്. പാലായില്‍ ജോസ് കെ മാണി പിന്നിലായത് എല്‍ഡിഎഫിന് തിരിച്ചടിയായി.

സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ ഭരണത്തുടര്‍ച്ചയുണ്ടാകുമോ അതോ ഭരണം മാറുമോ എന്നതില്‍ വ്യക്തമായ ചിത്രം തെളിയും. വൈകുന്നേരം അഞ്ച് മണിയോടെ മുഴുവന്‍ ഫലപ്രഖ്യാപനവും പൂര്‍ത്തിയാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇതിനിടെ, കളമശ്ശേരിയിലെ ഒരു സ്ട്രോങ്ങ് റൂം തുറക്കാന്‍ കഴിയാത്തത് നേരിയ ആശങ്കയുണ്ടാക്കി. ഇവിടുത്തെ പൂട്ട് തകര്‍ത്ത് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.
