ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങളുമായി മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്റ്റാലിന്‍ സ്വാഗതം ചെയ്തു. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആദ്യ ആറ് മാസത്തേക്ക് തടസ്സപ്പെടുത്തില്ലെന്നും ഭരണഘടനാ പ്രതിസന്ധിയോ ഉടനടി മറ്റൊരു തിരഞ്ഞെടുപ്പോ ഉണ്ടാകാന്‍ ഡിഎംകെ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിര്‍ണായക നിലപാട് വെളിപ്പെടുത്തിയത്.
വിജയ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഡിഎംകെ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കപ്പെടരുതെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ പദ്ധതി, സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന ‘കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ’ എന്നിവ മുന്‍ഗണനാക്രമത്തില്‍ തന്നെ തുടരണം. ടിവികെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കുന്ന പദ്ധതി പ്രായോഗികമാകുമോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. എങ്കിലും മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന തുകയെങ്കിലും മുടങ്ങാതെ നല്‍കാന്‍ വിജയ് തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സഖ്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഡിഎംകെ തങ്ങളുടെ നിലപാട് കര്‍ക്കശമാക്കിയിട്ടുണ്ട്. അധികാരത്തിലെത്താന്‍ എഐഎഡിഎംകെ മുന്നോട്ടുവെച്ച സഖ്യസാധ്യതകളെ പൂര്‍ണ്ണമായും തള്ളിയ പാര്‍ട്ടി, ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കേവലഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്ന് വിസികെ നേതാവ് തോല്‍ തിരുമാവളവന്‍ ആവശ്യപ്പെട്ടു. ഇതോടെ വിജയ് സര്‍ക്കാരിനെ പുറത്തുനിന്ന് നിരീക്ഷിക്കുന്ന ശക്തമായ പ്രതിപക്ഷമായി ഡിഎംകെ മാറുമെന്ന് ഉറപ്പായി.
