ഓട്ടവ: ഓട്ടവയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീട് വാടകയിൽ കാര്യമായ കുറവുണ്ടായതായി പുതിയ റിപ്പോർട്ട്. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് 2 ബെഡ്‌റൂം അപ്പാർട്ടുമെന്റുകളുടെ വാടകയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടകയിൽ 4 ശതമാനം കുറവാണുണ്ടായത്. നിലവിൽ ശരാശരി വാടക 2,472 ഡോളറാണ്. വൺ ബെഡ്‌റൂം അപ്പാർട്ടുമെന്റുകളിൽ വാടകയിൽ 3.2 ശതമാനം കുറവുണ്ടായി. നിലവിൽ ശരാശരി 1,945 ഡോളറാണ് വൺ ബെഡ്‌റൂം വീടിന്റെ വാടക. കാനഡയിലുടനീളം വീട് വാടക കഴിഞ്ഞ മൂന്ന് വർഷം മുൻപുള്ള നിരക്കിലേക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 19 മാസങ്ങളായി വാടക നിരക്ക് കുറഞ്ഞുവരികയാണെന്ന് Rentals.ca, Urbanation എന്നിവയുടെ സംയുക്ത റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏപ്രിലിലെ കണക്കനുസരിച്ച് വാടകയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായെങ്കിലും, മാർച്ച് മാസത്തെ അപേക്ഷിച്ച് 0.9 ശതമാനം വർധനയുണ്ടായി. വേനൽക്കാലത്ത് വീട് അന്വേഷിക്കുന്നവരുടെ എണ്ണം കൂടുന്നതാണ് ഇതിന് കാരണം. വാടക നിരക്കിൽ ഉണ്ടായ ഈ ഇടിവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട് ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ശരാശരി വാടക നിരക്ക് 2024-നെ അപേക്ഷിച്ച് 7.4 ശതമാനം കുറവാണ്. എങ്കിലും 2021-ലെ കൊവിഡ് കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിനെ അപേക്ഷിച്ച് ഇപ്പോഴും വാടക 21.9 ശതമാനം കൂടുതലാണെന്നത് ശ്രദ്ധേയമാണ്.
