ഓട്ടവ: ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റമായ ‘ക്യാൻവാസ്’ സൈബർ ആക്രമണത്തിന് ഇരയായി. കാനഡയിലെ ടൊറന്റോ സർവകലാശാല, ബ്രിട്ടീഷ് കൊളംബിയ സർവകലാശാല (UBC), ആൽബെർട്ട സർവകലാശാല തുടങ്ങി പ്രമുഖ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങളാണ് നഷ്‌ടപ്പെട്ടത്. വിദ്യാർത്ഥികളുടെ പൂർണ്ണനാമം, ഇമെയിൽ വിലാസങ്ങൾ, സ്റ്റുഡന്റ് ഐഡന്റിറ്റി നമ്പറുകൾ, സ്വകാര്യ സന്ദേശങ്ങൾ എന്നിവ ചോർന്നതായാണ് ക്യാൻവാസിന്റെ നിർമ്മാതാക്കളായ ഇൻസ്ട്രക്ചർ വ്യക്തമാക്കുന്നത്. എന്നാൽ പാസ്‌വേഡുകളോ ബാങ്ക് വിവരങ്ങളോ നഷ്ടപ്പെട്ടതായി ഇതുവരെ സ്ഥിരീകരണമില്ല. സംഭവത്തിൽ ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കർ ഗ്രൂപ്പാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഏകദേശം 27.5 കോടി ആളുകളുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. വൻതുക മോചനദ്രവ്യമായി നൽകിയില്ലെങ്കിൽ ഈ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

പ്ലാറ്റ്‌ഫോം ഇപ്പോൾ ഭാഗികമായി പുനഃസ്ഥാപി ച്ചിട്ടു ണ്ടെങ്കിലും, പാസ്‌വേഡുകൾ മാറ്റാനും സംശയാസ്പദമായ ഇമെയിലുകളിൽ നിന്നും ജാഗ്രത പാലിക്കാനും സർവകലാശാലകൾ നിർദ്ദേശം നൽകി. ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) കോഡുകൾ ആരുമായും പങ്കുവെക്കരുതെന്നും അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ രേഖകൾ നിർമ്മിക്കാനും വായ്പകൾ എടുക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ക്യാൻവാസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്കൂളുകൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഈ സുരക്ഷാ വീഴ്ചയിൽ ആശങ്കയിലാണ്. പല വിദ്യാലയങ്ങളിലും പരീക്ഷാക്കാലമായതിനാൽ ഈ സൈബർ ആക്രമണം വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.
