ചെന്നൈ: തമിഴ്നാട്ടിൽ വിജയുടെ പാർട്ടിയായ ടിവികെ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നീളുന്നു. സർക്കാർ രൂപീകരണത്തിന് നിർണായകമായ വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കടുത്ത ഉപാധികളാണ് പാർട്ടി അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനവും ഒരു അധിക മന്ത്രിസ്ഥാനവും നൽകണം. വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് വിജയിച്ചതിനാൽ അദ്ദേഹം ഒഴിയുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റിലെ സീറ്റ് വേണം. നിലവിൽ ചിദംബരം എംപിയായ തിരുമാവളവൻ ആ സ്ഥാനം ഒഴിഞ്ഞാൽ പകരം സീറ്റിൽ പാർട്ടിയുടെ വിജയം ടിവികെ ഉറപ്പാക്കണം.

ജാതി-മത വിവേചനങ്ങൾക്കെതിരെ പ്രത്യേക നിയമം കൊണ്ടുവരണമെന്നും ദുരഭിമാനക്കൊല ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണം നടത്തണം എന്നീ ആവശ്യങ്ങളും വി.സി.കെ ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ വിസികെയുടെ തീരുമാനത്തെ ഉറ്റുനോക്കുകയാണ്. ഇന്ന് വൈകുന്നേരം നാലിന് വിസികെ വാർത്താസമ്മേളനത്തിലൂടെ തീരുമാനം പ്രഖ്യാപിക്കും.
