ചെന്നൈ: ബ്രാന്‍ഡ് ഫിനാന്‍സ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയുടെ 2026-ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള വിപണിയിലെ വമ്പന്മാരായ ഹെവിവെയ്റ്റുകളെ പിന്നിലാക്കിയാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടൊയോട്ടയ്ക്കും രണ്ടാം സ്ഥാനത്തുള്ള ബിഎംഡബ്ല്യുവിനും തൊട്ടുപിന്നിലായാണ് കമ്പനി ഇടംപിടിച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ ഓഡി നാലാം സ്ഥാനത്തും ഫെരാരി ഏഴാം സ്ഥാനത്തുമാണ്.
ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് 100-ല്‍ 88.9 ബ്രാന്‍ഡ് സ്ട്രെങ്ത് ഇന്‍ഡക്സ് (BSI) സ്കോറും AAA റേറ്റിംഗും റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം 30 ശതമാനം വര്‍ദ്ധിച്ച് 1.2 ബില്യണ്‍ ഡോളറിലെത്തി. റെട്രോ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ നിന്ന് ആഗോള ഇരുചക്ര വാഹന വിപണിയിലെ കരുത്തുറ്റ ശക്തിയായി മാറാന്‍ കമ്പനിക്ക് സാധിച്ചുവെന്ന് ഈ റിപ്പോര്‍ട്ട് അടിവരയിടുന്നു.

അന്താരാഷ്ട്ര വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് നടത്തിയ വിപുലീകരണമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. നിലവില്‍ 80-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് ലോകമെമ്പാടുമായി 3,200-ലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളുണ്ട്. വിദേശ വിപണികളിലെ ഡിമാന്‍ഡ് കണക്കിലെടുത്ത് സ്ഥാപിച്ച ഏഴ് അന്താരാഷ്ട്ര സികെഡി (CKD) അസംബ്ലി പ്ലാന്റുകള്‍ കമ്പനിയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. യൂറോപ്പ്, തെക്കേ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളില്‍ റോയല്‍ എന്‍ഫീല്‍ഡിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡിന് പുറമെ മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകളും പട്ടികയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളില്‍ ടാറ്റ മോട്ടോഴ്സ് അഞ്ചാം സ്ഥാനത്തെത്തി മികച്ച നേട്ടം സ്വന്തമാക്കി. മഹീന്ദ്ര 25-ാം സ്ഥാനത്തും മാരുതി സുസുക്കി 34-ാം സ്ഥാനത്തും ഇടംപിടിച്ചു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകള്‍ ആഗോളതലത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ സൂചനയായാണ് ഈ റിപ്പോര്‍ട്ട് വിലയിരുത്തപ്പെടുന്നത്.
