Sunday, May 10, 2026

‘പുതിയ യുഗം ഇവിടെ തുടങ്ങുന്നു; വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി. ജോസഫ് വിജയ്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം തന്റെ കന്നി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ പണം തനിക്ക് ആവശ്യമില്ലെന്നും തന്റെ സര്‍ക്കാര്‍ പൂര്‍ണ്ണമായും സുതാര്യമായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും നന്ദി അറിയിച്ച വിജയ്, പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കമിടാന്‍ എല്ലാവരോടും ആഹ്വാനം ചെയ്തു.

സ്ത്രീകളുടെ സുരക്ഷയ്ക്കും ലഹരി നിര്‍മ്മാര്‍ജ്ജനത്തിനുമാണ് തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. ലഹരിമുക്ത തമിഴ്നാട് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നുതന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന രീതി തന്റെ ഭാഗത്തുനിന്നുണ്ടാകില്ല, പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും. അധികാരത്തിലെത്തിയെന്ന അഹങ്കാരം ആര്‍ക്കും വേണ്ട,’ എന്നും മന്ത്രിസഭാംഗങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞു. യഥാര്‍ത്ഥ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ഭരണമാണ് തമിഴ്നാട്ടില്‍ ഇനി നടപ്പിലാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറില്‍ നിന്നാണ് സി. ജോസഫ് വിജയ് സത്യവാചകം ഏറ്റുചൊല്ലിയത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് തന്റെ ഓരോ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തിയത്. യുവത്വത്തിനും അനുഭവസമ്പത്തിനും ഒപ്പം തന്നെ ജാതിസമവാക്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് വിജയ് തന്റെ ആദ്യ മന്ത്രിസഭയെ അണിനിരത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!