ചെന്നൈ: ഏഴ് പതിറ്റാണ്ടുകാലം തമിഴ്നാട് രാഷ്ട്രീയം അടക്കിവാണ ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് തമിഴ്നാടിന്റെ പുതിയ അമരക്കാരനായി ‘ദളപതി’ സത്യപ്രതിജ്ഞ ചെയ്തത്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെ, ആറ് ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരണം ഉറപ്പിച്ചത്.
യുവത്വത്തിനും അനുഭവസമ്പത്തിനും ഒരേപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒമ്പതംഗ മന്ത്രിസഭയാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ശിവകാശിയില്‍ നിന്നുള്ള 29-കാരിയായ എസ്. കീര്‍ത്തനയാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. പാര്‍ട്ടിയുടെ നഗരങ്ങളിലെ വിജയശില്പിയായ ആദവ് അര്‍ജുന്‍, ഡിജിറ്റല്‍ വാര്‍ റൂം തലവന്‍ സി.ടി.ആര്‍. നിര്‍മ്മല്‍ കുമാര്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ഡോ. കെ.ജി. അരുണ്‍രാജ് എന്നിവരും മന്ത്രിസഭയില്‍ ഇടംപിടിച്ചു. രാഷ്ട്രീയ തന്ത്രജ്ഞതയും ആധുനിക ഭരണനിര്‍വ്വഹണ വൈദഗ്ധ്യവും ഒത്തുചേരുന്നതാണ് പുതിയ ടീം.

വിജയ്യുടെ ദീര്‍ഘകാല വിശ്വസ്തരായ എന്‍. ആനന്ദ്, പി. വെങ്കട്ടരമണന്‍ എന്നിവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈലാപ്പൂരില്‍ നിന്ന് വിജയിച്ച അഭിഭാഷകന്‍ കൂടിയായ വെങ്കട്ടരമണന്‍ വര്‍ഷങ്ങളായി വിജയ്യുടെ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൂടാതെ മുതിര്‍ന്ന നേതാവ് കെ.എ. സെങ്കോട്ടയന്‍, എഗ്മൂറില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ രാജ്മോഹന്‍ അറുമുഖം, കാരൈക്കുടിയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ദന്തഡോക്ടര്‍ ടി.കെ. പ്രഭു എന്നിവരും പുതിയ മന്ത്രിസഭയുടെ ഭാഗമായി. താഴെത്തട്ടില്‍ പാര്‍ട്ടിയെ വളര്‍ത്തിയവര്‍ക്കും പ്രമുഖരെ അട്ടിമറിച്ചവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ ചുവരെഴുത്തുകള്‍ മാറ്റിക്കുറിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.
