ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്‍ (WFI) 15 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയും ഉത്തേജക വിരുദ്ധ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ 2026 ജൂണ്‍ 26 വരെ വിനേഷിന് ഒരു ഔദ്യോഗിക മത്സരങ്ങളിലും പങ്കെടുക്കാനാവില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. 2024 പാരീസ് ഒളിമ്പിക്സില്‍ ഫൈനലിലെത്തിയ വിനേഷ്, മത്സരദിവസം 100 ഗ്രാം ഭാരം അധികമായതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. ഈ സംഭവം ഇന്ത്യന്‍ ഗുസ്തിക്ക് അപമാനമുണ്ടാക്കിയെന്നാണ് ഫെഡറേഷന്റെ നോട്ടീസില്‍ പറയുന്നത്.
ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിനേഷ്, നിലവില്‍ ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ്. എന്നാല്‍ 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സ് ലക്ഷ്യമിട്ട് താരം മത്സരരംഗത്തേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഇന്ന് (ഞായറാഴ്ച) തുടങ്ങുന്ന ദേശീയ ഓപ്പണ്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഒരുങ്ങവെയാണ് ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിരമിച്ച താരങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഉത്തേജക പരിശോധനകള്‍ക്കായി നല്‍കേണ്ട ആറുമാസത്തെ മുന്‍കൂര്‍ നോട്ടീസ് കാലയളവ് വിനേഷ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഫെഡറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ കരിയര്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചു. ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ പരാതി നല്‍കിയ ആറുപേരില്‍ ഒരാള്‍ താനാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കമെന്നും താരം പറഞ്ഞു. എന്നാല്‍ ഈ നടപടിക്ക് പഴയ വിവാദങ്ങളുമായി ബന്ധമില്ലെന്നും, അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെയും (UWW) ഉത്തേജക വിരുദ്ധ ഏജന്‍സിയുടെയും നിയമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ഡബ്ല്യു.എഫ്.ഐയുടെ വിശദീകരണം.
