ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമെഴുതിക്കൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആര്.വി. ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും നടി തൃഷ കൃഷ്ണന് അടക്കമുള്ള സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ചെന്നൈയിലെത്തിയിരുന്നു. വിജയ്ക്കൊപ്പം എന്‍. ആനന്ദ്, കെ.എ. സെങ്കോട്ടയ്യന്, ആധവ് അര്‍ജുന തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് തമിഴ്നാട്ടില്‍ ഭരണമാറ്റം യാഥാര്‍ത്ഥ്യമായത്. 234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (2), മുസ്ലിം ലീഗ് (1) എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇതോടെ 120 എംഎല്‍എമാരുടെ പിന്തുണയോടെ വിജയ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മെയ് 13-നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

1967-ന് ശേഷം തമിഴ്നാട് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടുന്നു എന്ന പ്രത്യേകതയും ഈ സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരാണ് മന്ത്രിസഭയില്‍ അംഗങ്ങളാകുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് തന്നെ വിജയ്യുടെ നേതൃത്വത്തിലുള്ള ആദ്യ കാബിനറ്റ് യോഗം ചേരും. ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പന്മാരെ അട്ടിമറിച്ചെത്തിയ വിജയ് സര്‍ക്കാരില്‍ തമിഴ് ജനത വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.
