ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രമുഖ നടി തൃഷ കൃഷ്ണന്‍ എത്തി. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ചരിത്രപരമായ ചടങ്ങിനായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, താന്‍ ഏറെ ആകാംക്ഷയോടെയാണ് ഈ നിമിഷത്തിനായി കാത്തിരിക്കുന്നതെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു. നീല സില്‍ക്ക് സാരിയും ഡയമണ്ട് ചോക്കറും അണിഞ്ഞ് തനതായ ദക്ഷിണേന്ത്യന്‍ ലുക്കിലെത്തിയ തൃഷയ്ക്കൊപ്പം അമ്മ ഉമാ കൃഷ്ണനും ഉണ്ടായിരുന്നു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയതിന് പിന്നാലെയാണ് വിജയ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പതിറ്റാണ്ടുകളായി തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ പാര്‍ട്ടികളെ അട്ടിമറിച്ചാണ് വിജയ്യുടെ പാര്‍ട്ടി ഈ വിജയം കൈവരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വിജയും കുടുംബാംഗങ്ങളും സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു. ദീര്‍ഘകാല സുഹൃത്തും സഹതാരവുമായ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം മുതല്‍ തൃഷ നല്‍കിയ പിന്തുണ ചര്‍ച്ചയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് തൃഷ തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചതും പിന്നീട് വിജയ്യുടെ വസതിയിലെത്തിയതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തന്റെ 43-ാം ജന്മദിനത്തില്‍ താരം നടത്തിയ ഈ സന്ദര്‍ശനം വിജയ്യുടെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയായിരുന്നുവെന്നാണ് ആരാധകര്‍ വിലയിരുത്തിയത്. കൂടാതെ, വോട്ടെടുപ്പ് ദിവസം താരം പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റും പൊതുചടങ്ങുകളില്‍ ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് എത്തിയതുമെല്ലാം ഈ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
