തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന തീയതി അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും, ഇന്നോ നാളെയോ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനമനസ്സിലെ അപ്രീതി പരിഹരിക്കാനുള്ള തീരുമാനങ്ങള്‍ ഇന്നലെ തന്നെ കൈക്കൊണ്ടിട്ടുണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ കടുത്ത നടപടികള്‍ ഒഴിവാക്കണമെന്ന് കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും പ്രഖ്യാപനം. പ്രഖ്യാപനത്തിന് മുന്നോടിയായി കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും വിശദമായ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി സംസ്ഥാനത്ത് നടക്കുന്ന ഫ്ലക്സ് യുദ്ധങ്ങളിലും ശക്തിപ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ അദ്ദേഹം നേതാക്കള്‍ക്ക് താക്കീത് നല്കി. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ തീരുമാനത്തില്‍ ഗ്രൂപ്പ് താല്പര്യങ്ങള്ക്കപ്പുറം മെറിറ്റിന് മുന്‍ഗണന നല്‍കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.
